ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു തിരിച്ചടിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ. ടൂർണമെന്റിലെ തുടർച്ചയായ രണ്ട് നിർണായക മത്സരങ്ങളിൽ ‘ഹിറ്റ് വിക്കറ്റ്’ ആയി പുറത്തായതിലൂടെ വിചിത്രമായൊരു റെക്കോർഡാണ് ഈ യുവതാരം സ്വന്തമാക്കിയത്.
രാജസ്ഥാൻ റോയൽസിനെതിരായ രണ്ടാം ക്വാളിഫയറിലാണ് സായ് സുദർശൻ വീണ്ടും ഇത്തരമൊരു നിർഭാഗ്യകരമായ പുറത്താകലിലൂടെ ക്രീസ് വിട്ടത്. ഇതിനു മുൻപ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ആദ്യ ക്വാളിഫയറിലും സായ് സമാനമായ രീതിയിൽ തന്നെയായിരുന്നു പുറത്തായത്.
32 പന്തിൽ 58 റൺസ് അടിച്ചുകൂട്ടി മികച്ച ഫോമിൽ നിൽക്കവെയാണ് ഈ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ബ്രിജേഷ് ശർമയുടെ പന്തിൽ ഷോട്ടിന് ശ്രമിക്കുന്നതിനിടെ താരത്തിന്റെ കൈയിൽ നിന്ന് ബാറ്റ് വഴുതി സ്റ്റംപിലേക്ക് വീഴുകയായിരുന്നു.
പന്ത് തേർഡ് മാനിലൂടെ ബൗണ്ടറി കടന്നുവെങ്കിലും നിയമപ്രകാരം താരം ഔട്ടായി വിധിക്കപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയിരുന്നു.
215 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 167 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തി.
പത്ത് ഓവർ പൂർത്തിയാകുന്നതിന് മുൻപേ ഗുജറാത്തിന്റെ സ്കോർ 100 കടന്നിരുന്നു. സായ് സുദർശൻ പുറത്തായതിന് പിന്നാലെ ക്രീസിലുറച്ചു നിന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഐപിഎല്ലിലെ തന്റെ അഞ്ചാം സെഞ്ചുറിയും, ക്യാപ്റ്റൻ എന്ന നിലയിൽ രണ്ടാമത്തെ സെഞ്ചുറിയും സ്വന്തമാക്കി.
ഒടുവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം മറികടന്നു. “THE RAREST OF RARE DISMISSALS!
TWICE IN TWO INNINGS Sai Sudharsan’s bat fell onto his own stumps” എന്ന് ഐപിഎൽ ഔദ്യോഗിക പ്ലാറ്റ്ഫോമിലും ഈ സംഭവത്തെ വിശേഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

