പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി 8 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കായൽ നഗരം ആവേശത്തിന്റെ അലകളിലാണ്. വള്ളംകളി പ്രേമികളും വിവിധ ക്ലബുകളും ആ മത്സര ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇത്തവണ സമ്മാനത്തുകയിൽ വലിയ വർധനവ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുന്നമടക്കായലിൽ പോരാട്ടം അതിശക്തമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്ന പ്രമുഖ ക്ലബുകളുടെയും ചുണ്ടൻ വള്ളങ്ങളുടെയും തയ്യാറെടുപ്പുകൾ ഇങ്ങനെയാണ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് – മേൽപാടം ചുണ്ടൻ സമീപകാല വള്ളംകളി ചരിത്രത്തിൽ അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ ക്ലബാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 2018 മുതൽ തുടർച്ചയായി 5 തവണയാണ് ഈ ക്ലബ് കിരീടം ചൂടിയത്.
വിവിധ ചുണ്ടൻ വള്ളങ്ങളിൽ തുഴയെറിഞ്ഞ് വിജയം സ്വന്തമാക്കിയ ക്ലബ്, ഇത്തവണ മേൽപാടം ചുണ്ടൻ വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. തുടർച്ചയായി 5 നെഹ്റു ട്രോഫികളും 4 സിബിഎൽ കിരീടങ്ങളും സ്വന്തമാക്കിയ പള്ളാത്തുരുത്തി, കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്നു എത്തിയത്.
അതിനാൽ തന്നെ ഇത്തവണ കപ്പു തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ പുന്നമടയിൽ എത്തുന്നത്. കഴിഞ്ഞ വർഷവും മേൽപാടം ചുണ്ടനൊപ്പം ഉണ്ടായിരുന്ന ക്ലബ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
1988, 1998 വർഷങ്ങളിലും ഈ ക്ലബ് വിജയം ആവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ചുണ്ടൻ വള്ളമെന്ന മേൽപാടത്തുകാരുടെ ദീർഘകാലത്തെ സ്വപ്നം 2024 ലാണ് സാക്ഷാൽക്കരിച്ചത്.
ഐപ്പ് ചക്കിട്ട (പ്രസിഡന്റ്), ഷിബു വർഗീസ് (സെക്രട്ടറി), അനൂപ് സിങ് (ട്രഷറർ) എന്നിവരാണ് വള്ളത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വി.ജയപ്രസാദ് (പ്രസിഡന്റ്), സുനീർ എ.കമ്പിവേലിൽ (സെക്രട്ടറി) എന്നിവരാണ് ക്ലബ്ബിന്റെ അമരക്കാർ.
ആര്യാട് ചെറുപുഷ്പം പള്ളി ഓഡിറ്റോറിയത്തിൽ ജൂലൈ 20 മുതൽ ആരംഭിച്ച ക്യാമ്പിന്റെ ട്രാക്ക് എൻട്രി കഴിഞ്ഞ മാസം 3-ാം തീയതി പൂർത്തിയായിരുന്നു. വില്ലേജ് ബോട്ട് ക്ലബ് കൈനകരി – തലവടി ചുണ്ടൻ കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണയും കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ്.
മുൻ വർഷം വീയപുരം ചുണ്ടനിലൂടെ ചരിത്ര വിജയം കുറിച്ച ഈ ക്ലബ്, ഇത്തവണ തലവടി ചുണ്ടൻ വള്ളത്തിലാണ് ജലരാജാവിനായുള്ള പോരാട്ടത്തിന് ഇറങ്ങുന്നത്. 2024-ൽ സെക്കൻഡിന്റെ ആയിരത്തിലൊരംശത്തിന് നഷ്ടപ്പെട്ട
കീർത്തി, 2025-ൽ തിരിച്ചുപിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഇത്തവണയും ആ ആധിപത്യം തുടരാൻ ഉറച്ചാണ് വരുന്നത്. പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി.വിജയപ്പൻ, ട്രഷറർ എച്ച്.ബിനു എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വെപ്പ് ഉൾപ്പെടെയുള്ള മത്സര വള്ളങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു ചുണ്ടൻ വള്ളമില്ലെന്ന കുറവ് നികത്താൻ 2023-ലാണ് തലവടി ചുണ്ടൻ രംഗപ്രവേശം ചെയ്തത്. റിക്സൺ എടത്തിൽ (പ്രസിഡന്റ്), അരുൺ പുന്നശേരിൽ (സെക്രട്ടറി) എന്നിവരാണ് ഈ വള്ളസമിതിയുടെ ഭാരവാഹികൾ.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് – പായിപ്പാടൻ 2 ഇത്തവണത്തെ നെഹ്റു ട്രോഫി മത്സരത്തിനായി രണ്ട് ചുണ്ടൻ വള്ളങ്ങളെയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കളത്തിലിറക്കുന്നത്. മേൽപാടം ചുണ്ടന് പുറമെ പായിപ്പാടൻ 2 വള്ളത്തിലും ക്ലബ് ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്.
നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018-ൽ ക്ലബ് നെഹ്റു ട്രോഫി സ്വന്തമാക്കിയത് ഈ പായിപ്പാടൻ ചുണ്ടനിലൂടെയായിരുന്നു.
പിന്നീട് 2019-ൽ രണ്ട് വള്ളങ്ങളുമായി പള്ളാത്തുരുത്തി മത്സരരംഗത്ത് എത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ക്ലബ് രണ്ട് ചുണ്ടനുകളുമായി പുന്നമടയിൽ തുഴയെറിയാൻ എത്തുന്നത്.
വി.രവീന്ദ്രൻ (പ്രസിഡന്റ്), അഭിലാഷ് കുമാർ (സെക്രട്ടറി), ജെയിംസ് ആന്റണി (ട്രഷറർ) എന്നിവരാണ് ഈ വള്ളസമിതിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

