വയനാട് ജില്ലയിലെ മുട്ടിൽ പഞ്ചായത്തിലെ വാര്യാട് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും കർശന നടപടി. ഉത്തർപ്രദേശിൽ നിന്നെത്തിയ സംഘമാണ് വ്യാജ അലുമിനിയം പാത്രങ്ങൾ വിൽപനയ്ക്കായി എത്തിച്ചത്.
സാധാരണയായി ഗുണനിലവാരമുള്ള അലുമിനിയം പാത്രങ്ങൾക്ക് 400 മുതൽ 500 രൂപയെങ്കിലും വിലവരുമ്പോൾ, ഈ സംഘം വെറും 100 രൂപയ്ക്കാണ് പാത്രങ്ങൾ വിറ്റിരുന്നത്. ഈ തട്ടിപ്പിനെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “കൈ കൊണ്ടു ചുരണ്ടി നോക്കിയാൽ കൈയിൽ അലുമിനിയം കോട്ടിങ് പുരളുന്ന രീതിയിലാണു പാത്രങ്ങൾ കണ്ടെടുത്തത്.
ഇവയിൽ വെള്ളം ചൂടാക്കിയാൽ പോലും അപകടമാണ്. ആ വെള്ളം കുടിച്ചാൽ അലുമിനിയം കോട്ടിങ് ശരീരത്തിന്റെ അകത്തു പോകുമെന്നും കാൻസർ അടക്കമുള്ള രോഗങ്ങൾക്കു ഇതു കാരണമാകാമെന്നും” അധികൃതർ മുന്നറിയിപ്പ് നൽകി.
ഉത്തർപ്രദേശിൽ നിന്നുള്ള 10 മുതൽ 20 പേർ അടങ്ങുന്ന സംഘമാണ് വാര്യാടിൽ ഗോഡൗൺ വാടകയ്ക്ക് എടുത്ത് ഈ കച്ചവടം നടത്തിയിരുന്നത്. ഹരിയാന റജിസ്ട്രേഷൻ ബൈക്കുകളിലാണ് ഗോഡൗണിൽ നിന്ന് അലുമിനിയം കോട്ടിങ് പൂശിയ ഇരുമ്പു പാത്രങ്ങൾ വീടുകളിലെത്തിച്ച് വിറ്റിരുന്നത്.
വിലക്കുറവ് കാണിച്ച് സാധാരണക്കാരെയും ഇടത്തരക്കാരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പാത്രങ്ങൾ ആർക്കെങ്കിലും ഇവർ വിറ്റിട്ടുണ്ടോ എന്ന് പഞ്ചായത്ത് അധികൃതർ പരിശോധിച്ചു വരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് നൽകുന്ന വിശദീകരണം ഇതാണ്: “സംഭവത്തിൽ ഇതുവരെ ആരും പരാതി എഴുതി നൽകിയിട്ടില്ല. പരാതി കിട്ടിയാൽ നടപടി എടുക്കും.
നിലവിൽ പ്രദേശത്തു പാത്രങ്ങളുടെ വിൽപന നിരോധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘത്തെ ഇന്നലെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
പരാതിയില്ലാത്തതിനാൽ ഇവരെ വിട്ടയച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

