ഓക്ലാന്ഡില് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപയോഗിച്ച പുതിയ ഫിറ്റ്നസ് ഡിവൈസ് കായിക ലോകത്ത് ചര്‍ച്ചയാകുന്നു. പരിശീലന സെഷനിടയില്‍ താരത്തിന്റെ നെറ്റിയില്‍ ‘ടെംമ്പിള്‍’ (Temple) എന്ന ഫിറ്റ്നസ് ട്രാക്കിംഗ് ഉപകരണം ദൃശ്യമായി.
പരമ്പരാഗത ഫിറ്റ്നസ് ബാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി, തലച്ചോറുമായി ബന്ധപ്പെട്ട സിഗ്നലുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ നൂതന ഉപകരണം.
നേരത്തെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ഈ ഉപകരണം ഉപയോഗിച്ചിരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. എങ്കിലും, താന്‍ ഈ ഡിവൈസ് ഉപയോഗിക്കുന്നതിന്റെ കൃത്യമായ കാരണം ശുഭ്മാന്‍ ഗില്‍ ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ പ്രമുഖരായ രണ്ട് കായിക താരങ്ങള്‍ ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കായിക ലോകത്തിന്റെ കൗതുകം ഇരട്ടിപ്പിച്ചിട്ടുണ്ട്. എന്താണ് ‘ടെംമ്പിള്‍’ ഡിവൈസ്?
സൊമാറ്റോ സഹസ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ബന്ധപ്പെട്ട
ഒരു സംഘം വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണം. നെറ്റിയോട് ചേര്‍ന്ന് വശങ്ങളിലായി ധരിക്കുന്ന ഇത്, സെറിബ്രല്‍ രക്തയോട്ടവും തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട
മറ്റ് ശാരീരിക സിഗ്നലുകളും കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ്, ഉറക്കം എന്നിവ മാത്രം ട്രാക്ക് ചെയ്യുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ നിന്നും വ്യത്യസ്തമായി, മാനസിക സമ്മര്‍ദ്ദവും അതിന്റെ ശാരീരിക പ്രതികരണങ്ങളും മനസ്സിലാക്കാന്‍ ഈ ഉപകരണം ലക്ഷ്യമിടുന്നു.
ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിലെ സൂക്ഷ്മ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. എങ്കിലും, ഇതൊരു മെഡിക്കല്‍ ഉപകരണമല്ലെന്നും വെല്നെസ്സിനും ഗവേഷണത്തിനുമുള്ളതാണെന്നും ഇതിന്റെ കായികപരമായ ഉപയോഗങ്ങള്‍ ഇനിയും പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

