എറണാകുളം ബോട്ട് ജെട്ടിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള പ്രിയദർശിനി ബസുകളുടെ സർവീസുകൾ സംബന്ധിച്ച് യാത്രക്കാരുടെ ഇടയിൽ വ്യാപകമായ പരാതി ഉയരുന്നു. ബസുകളിൽ ലക്ഷ്യസ്ഥാനം രേഖപ്പെടുത്തിയ ബോർഡുകൾ വെക്കാതെ സർവീസ് നടത്തുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് വിവിധ പ്രദേശങ്ങളിലേക്ക് മടങ്ങാനായി സ്റ്റാൻഡിലെത്തുന്ന യാത്രക്കാരാണ് ബോർഡുകളില്ലാത്ത ഈ ബസുകൾ കാരണം കടുത്ത ആശയക്കുഴപ്പത്തിലാകുന്നത്. വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചാൽ ഡ്രൈവറോ കണ്ടക്ടറോ ഈ സമയത്ത് ബസിന്റെ പരിസരത്തുണ്ടാകാറില്ല.
സർവീസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ബസുകളിൽ ബോർഡ് സ്ഥാപിക്കുന്നത്. ഇത് കാണുമ്പോൾ യാത്രക്കാർ തിക്കിത്തിരക്കിയാണ് ബസുകളിൽ കയറുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതു മുതലാണ് ബോർഡ് വെക്കാതെയുള്ള ഈ രീതി ആരംഭിച്ചതെന്ന് യാത്രക്കാർ ആരോപിക്കുന്നു. നഗരത്തിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.
ഈ വിഷയം പലതവണ കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

