പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ കുട്ടികളെ അമ്മ കുളിമുറിയിലെ ടാങ്കിൽ മുക്കിക്കൊന്ന സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കേസിൽ മറ്റൊരാൾക്കുകൂടി പങ്കുണ്ടെന്നാണ് പുതിയ സൂചനകൾ പുറത്തുവരുന്നത്.
പാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29നു രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത് മുങ്ങിമരണമാണെന്നായിരുന്നു നിഗമനം.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുട്ടികളുടെ പിതൃസഹോദരി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നിവേദ്യ (26)യെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. താൻ രണ്ടു കുട്ടികളെയും വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് അവർ മൊഴി നൽകിയെങ്കിലും അന്ന് മറ്റ് തെളിവുകൾ ലഭിച്ചിരുന്നില്ല.
തുടർന്ന് ചൊവ്വാഴ്ച ഹൈക്കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പ്രതിയെ രണ്ടുദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്യുകയും വൈകിട്ടോടെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ഈ തെളിവെടുപ്പിനിടയാണ് സംഭവത്തിൽ മറ്റൊരാളുടെ പങ്കിനെപ്പറ്റിയുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാൽ പ്രതിയുടെ മൊഴികളും മറ്റ് തെളിവുകളും ശാസ്ത്രീയമായി പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ പൂർണ്ണ വ്യക്തത വരുത്താൻ സാധിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്.രജീഷ് വ്യക്തമാക്കി.

