ദേശീയപാതയിലൂടെ കടത്തുകയായിരുന്ന കോടികളുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഒളിപ്പിക്കാൻ ഉപയോഗിച്ച സവാള ഔദ്യോഗികമായി ഏറ്റെടുത്ത് ഹോർട്ടികോർപ്. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 6,300 കിലോഗ്രാം സവാളയാണ് ഇത്തരത്തിൽ ഒഴിവാക്കിയത്.
3 കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയ ലോറിയിലാണ് 50 കിലോഗ്രാം വീതം തൂക്കമുള്ള 118 ചാക്ക് സവാളയും ഒളിപ്പിച്ചിരുന്നത്. ഇത് പൊലീസിന് വലിയ തലവേദനയായി മാറിയിരുന്നു.
സവാള തൊണ്ടിയായി സൂക്ഷിക്കേണ്ടതില്ലാത്ത സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. കേസിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ തൊണ്ടിയായി സൂക്ഷിക്കേണ്ടതിനാൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
23ന് കസ്റ്റഡിയിലെടുത്ത ലോറിയും നിലവിൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. പെട്ടെന്ന് ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ സവാള എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു.
ആദ്യഘട്ടത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറാൻ ശ്രമം നടത്തിയെങ്കിലും, സവാള അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്ന കാരണം പറഞ്ഞ് അവർ ഇത് ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഹോർട്ടികോർപ്പുമായി ബന്ധപ്പെടുന്നത്.
ദേശീയപാതയോരത്ത് കൊരട്ടി പഞ്ചായത്ത് വിശ്രമകേന്ദ്രത്തിന് സമീപം കർശന പൊലീസ് കാവലിൽ സൂക്ഷിച്ചിരുന്ന സവാള, അഞ്ചാം ദിവസമാണ് ഹോർട്ടികോർപ്പിന് കൈമാറിയത്. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 60 രൂപ വിലയുണ്ടെങ്കിലും, ഇതിന്റെ പകുതിയോളം തുക മാത്രമാണ് ഹോർട്ടികോർപ്പിൽ നിന്നും ലഭിക്കാനിടയുള്ളത്.
ഈ വില നിർണയിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അതോറിറ്റിയാണ്. ഹോർട്ടികോർപ്പിന്റെ കുരിയച്ചിറയിലുള്ള ഗോഡൗണിലേക്ക് മാറ്റിയ സവാളയിൽ കേടുപാടുകൾ പറ്റിയിട്ടുണ്ടോയെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തും.
ഇതിനുശേഷമായിരിക്കും അളവുതൂക്കം സംബന്ധിച്ച ഔദ്യോഗിക കത്ത് സർക്കാരിന് സമർപ്പിക്കുക. ഈ വകയായുള്ള തുക ഹോർട്ടികോർപ് നേരിട്ട് സർക്കാരിന്റെ റവന്യു ഡിപ്പോസിറ്റ് ഫണ്ടിലേക്കോ കോടതിയിലേക്കോ അടയ്ക്കേണ്ടതാണ്.
ഏകദേശം 11 ടണ്ണോളം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് ഈ സംഭവത്തിൽ പിടികൂടിയിട്ടുള്ളത്. ഈ കേസിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ പാനാട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശിയായ കയ്യാലക്കകത്ത് സൈബ് (33), കൂടാതെ കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം പാണക്കാട് ഹാജിയാർ പള്ളി സ്വദേശിയായ പള്ളിക്കൽ മുഹമ്മദ് ഫറാസ് (27) എന്നിവരെയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

