സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തെളിമ 2 പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ വിവിധ ചെറുകിട ഭക്ഷ്യ നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി.
ഭക്ഷണം നിർമിക്കാൻ ഉപയോഗിക്കുന്നത് പലതവണ ചൂടാക്കിയ പഴകിയ എണ്ണയാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ചട്ടപ്രകാരം പരമാവധി മൂന്ന് തവണ മാത്രമേ ഒരു എണ്ണ പാചകത്തിനായി ഉപയോഗിക്കാൻ പാടുള്ളൂ.
എന്നാൽ പുതിയ എണ്ണയോടൊപ്പം പഴകിയ എണ്ണയും ചേർത്ത് വീണ്ടും ഉപയോഗിക്കുന്ന പ്രവണതയാണ് പലയിടത്തും കണ്ടെത്തിയത്. ഇതിനെതിരെ വരുംദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശുചിത്വമില്ലാത്ത സാഹചര്യം പരിശോധന നടത്തിയതിൽ ഭൂരിഭാഗം യൂണിറ്റുകളും അതീവ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. താൽക്കാലിക ഷെഡുകൾ, ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, വീടുകളുടെ പിന്നിലെ മറവുകൾ എന്നിവിടങ്ങളിലാണ് ഇത്തരം നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ഈ മോശം സാഹചര്യം ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന്റെ തറ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്ഷ്യ നിർമാണത്തിനായി ഉപയോഗിക്കാവൂ.
നിരീക്ഷണം ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും എണ്ണപ്പലഹാരങ്ങൾ എത്തിച്ചുനൽകുന്നത് ഇത്തരം ചെറുകിട യൂണിറ്റുകളാണെന്ന് കഴിഞ്ഞ മാസം നടന്ന ഹോട്ടൽ പരിശോധനകളിൽ വ്യക്തമായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പരിശോധന വ്യാപിപ്പിച്ചത്. അർധരാത്രിക്ക് ശേഷം ആരംഭിച്ച് വെളുപ്പിനെ പ്രവർത്തനം അവസാനിപ്പിക്കുന്ന രീതിയാണ് ഇത്തരം സ്ഥാപനങ്ങൾ പിന്തുടരുന്നത്.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ രേഖകളും സ്റ്റോറിങ് സംവിധാനങ്ങളും ഭക്ഷ്യ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ലൈസൻസ് നിർബന്ധമാണ്.
കെട്ടിടത്തിന്റെ ശുചിത്വം, ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ജല പരിശോധനാ റിപ്പോർട്ട്, മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയാണ് ലൈസൻസ് നൽകുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിലൊരിക്കൽ അംഗീകൃത ലാബുകളിൽ പരിശോധിച്ചിരിക്കണം.
കൂടാതെ, ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോറിങ് സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

