സതീശൻ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ അഗ്നിപരീക്ഷയിൽ യുഡിഎഫിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഭരണപക്ഷത്തിന് അനുകൂലമായ മുന്നേറ്റം ദൃശ്യമായത്.
22 സിറ്റിംഗ് സീറ്റുകളുമായി ഗോദയിലിറങ്ങിയ യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി. നിലവിൽ 19 സീറ്റുകളിൽ മാത്രമാണ് അവർക്ക് വിജയിക്കാനോ മുന്നിട്ടുനിൽക്കാനോ സാധിച്ചത്.
എൽഡിഎഫ് ആകട്ടെ, തങ്ങളുടെ സീറ്റുകളുടെ എണ്ണം 15-ൽ നിന്ന് 18-ലേക്ക് ഉയർത്തി. ഒരു സീറ്റ് ട്വന്റി 20 സ്വന്തമാക്കി.
യുഡിഎഫ് നിലനിർത്തിയ മണ്ഡലങ്ങളിൽ പലയിടത്തും വൻ ഭൂരിപക്ഷ ഇടിവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലുണ്ടായ പരാജയം യുഡിഎഫിന് വലിയ ആഘാതമായി.
രമ്യ ഹരിദാസ് എംഎൽഎയടക്കം ഉൾപ്പെട്ട ഗ്രൂപ്പ് പോരും തമ്മിലടിയും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു.
മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടുകൾക്കും, അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ മംഗലപുരം പഞ്ചായത്തിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.
പാലക്കാട് ജില്ലയിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. എൽഡിഎഫ് രണ്ട് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് നേടാനായത് ഒരു സീറ്റ് മാത്രം.
സുമേഷ് അച്യുതൻ എംഎൽഎ ഒഴിഞ്ഞ ചിറ്റൂർ പരുത്തിക്കാവ് വാർഡ് കടുത്ത പോരാട്ടത്തിനൊടുവിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് സ്വന്തമാക്കി. ചിറ്റൂരിലെ ഫലം അപ്രതീക്ഷിതമാണെന്നും കാരണം പരിശോധിക്കുമെന്നും സുമേഷ് അച്യുതൻ പ്രതികരിച്ചു.
അതേസമയം, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോർണർ വാർഡിൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി ഗിരീശൻ വിജയിച്ചു. എംഎൽഎമാരായ ശേഷം ഒഴിഞ്ഞ സീറ്റുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിൽ ഉഷ വിജയൻ എംഎൽഎ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ വിജയിച്ചെങ്കിലും, മുൻപ് ഫാത്തിമ തഹ്ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി അത് ചുരുങ്ങി.
തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫ് ആധിപത്യം പുലർത്തി. തൃശൂരിൽ നടന്ന അഞ്ചിൽ മൂന്ന് സീറ്റുകളും യുഡിഎഫ് നേടി.
ചേലക്കര കുറുമല വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തതോടെ ആ പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. പത്തനംതിട്ടയിൽ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ചു.
കുന്നന്താനം വാർഡ് എൽഡിഎഫിൽ നിന്ന് രണ്ട് വോട്ടിന് പിടിച്ചെടുത്തതോടെ ആ പഞ്ചായത്തിലെ ഭരണവും യുഡിഎഫിന്റെ കൈകളിലെത്തി. എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ ഉൾപ്പെടെ യുഡിഎഫ് നിലനിർത്തി.
പാറക്കടവ് പുളിയനത്ത് എൽഡിഎഫ് വിജയിച്ചു. പൂതൃക്കയിൽ ട്വന്റി 20 വിജയിച്ചതോടെ പഞ്ചായത്തിൽ കോൺഗ്രസ്-ട്വന്റി 20 കക്ഷിനില ഏഴ് വീതമായി തുല്യമായി.
വടക്കൻ പറവൂർ വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടിന് ജയിച്ചു. കോട്ടയം പാമ്പാടിയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് സി പി എമ്മിലെ സണ്ണി വർഗീസ് പിടിച്ചെടുത്തു.
കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡും എൽഡിഎഫ് സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

