കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഹ്ലാദ് ദാസ് ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച്ച പുലർച്ചെ തെളിവെടുപ്പിനിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർത്ഥിനിയായ 17 കാരിയെ കാണാതാകുകയായിരുന്നു.
തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയുടെ ബന്ധുകൂടിയായ പ്രഹ്ലാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു.
ഇതിന്റെ ഭാഗമായി തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രതി സബ് ഇൻസ്പെക്ടറുടെ സർവീസ് റിവോൾവർ തട്ടിയെടുത്ത് പൊലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.
രക്ഷപെടാനായി തൊട്ടടുത്ത കുളത്തിലേക്ക് ചാടിയ പ്രതിക്ക് നേരെ പൊലീസും തിരിച്ച് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വെടിവെപ്പിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട് കൂടാതെ പൊലീസിന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്.
മുൻപ് ജൂലൈ മാസത്തിൽ ബാരുഇപൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്സിലെ പ്രതിയും സമാനമായ രീതിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

