ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയിൽ സമഗ്ര മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത്. സമിതിയിലെ എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി.
‘‘രക്ഷാസമിതി അംഗങ്ങളുടെ അംഗത്വം, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലിപ്പം, പ്രവർത്തന രീതികൾ എന്നിവയിൽനിന്ന് വീറ്റോ അധികാരം പരിമിതപ്പെടുത്തുന്നതിനെ വേർതിരിച്ച് കാണാനാകില്ല. ഈ അഞ്ചു മേഖലകളിലും സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണ്’’ എന്ന് പർവതനേനി ഹരീഷ് പറഞ്ഞു.
വീറ്റോ അധികാരം വലിയൊരു ഉത്തരവാദിത്തമാണെന്നും അതിന് കടുത്ത സംയമനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾക്കു മാത്രമാണ് നിലവിൽ വീറ്റോ അധികാരമുള്ളത്.
ഈ അധികാരം ഏറെ ഉത്തരവാദിത്തം നിറഞ്ഞതാണ്, പ്രത്യേകിച്ച് രാജ്യാന്തര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ വളരെ സൂക്ഷിച്ചു മാത്രമേ ഇത് ഉപയോഗിക്കാവൂ. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായി വീറ്റോ അധികാരത്തെ മാറ്റരുത്’’ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ വീറ്റോ അധികാരമുള്ളത്. വീറ്റോ അധികാരം കുറച്ചു പേരിൽ മാത്രം നിക്ഷിപ്തമായിരിക്കേ, അതിന്റെ അനുചിതമായ ഉപയോഗം ഐക്യരാഷ്ട്ര സംഘടനയുടെ വിശ്വാസ്യതയെ എപ്രകാരം തകർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘വീറ്റോ അധികാരം ഉപയോഗിച്ചതിന്റെ ചരിത്രം പരിശോധിച്ചാൽ ഏറെ നിരാശാജനകമാണെന്ന് വ്യക്തമാണ്. യുഎന്നിന്റെ ചരിത്രത്തിൽ ഇതുവരെ 200 പ്രമേയങ്ങളിലായി 331 തവണയാണ് വീറ്റോ അധികാരം ഉപയോഗിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ അഞ്ച് സ്ഥിരാംഗങ്ങളിൽ രണ്ടു പേർ വീറ്റോ ഉപയോഗിച്ചിട്ടില്ല. മിക്ക വീറ്റോ ഭീഷണികളും പ്രയോഗങ്ങളും മറ്റു മൂന്നു രാജ്യങ്ങളിൽനിന്നു മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വീറ്റോ ഒരോ തവണ പ്രയോഗിക്കുമ്പോഴും അതിനു മുൻപ് യുഎൻ പൊതുസഭയിൽ ചർച്ച നടത്തണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചെങ്കിലും അതിനു ശേഷവും അത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ല’’ എന്ന് അദ്ദേഹം അറിയിച്ചു. യുഎൻ രക്ഷാ സമിതിയിലെ എല്ലാ സ്ഥിരാംഗങ്ങളിലേക്കും വീറ്റോ അധികാരം വ്യാപിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
നീതിയും ന്യായവും ആവശ്യപ്പെടുന്നത് എല്ലാ സ്ഥിരാംഗങ്ങളും ഒരേ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പങ്കിടണമെന്നാണ്. വീറ്റോ അധികാരത്തോടുകൂടിയോ അല്ലാതെയോ ഒരു പുതിയ വിഭാഗം സ്ഥിരാംഗങ്ങളെ സൃഷ്ടിക്കുന്നത് ഇതിനകം തന്നെ സങ്കീർണ്ണമായ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും ഇന്ത്യ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

