മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പതിനെട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക കേസിൽ പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. ബിഹാർ സ്വദേശിയായ ദിലീപ് രജത് ആണ് അസമിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
താൻ ജോലി ചെയ്തിരുന്ന തടിമില്ലിലെ മാനേജരെ കൊലപ്പെടുത്തിയ കേസ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചുരുളഴിയുന്നത്. കേരള ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യാജ വിലാസത്തിൽ തടിമില്ലിൽ ജോലിക്കെത്തിയതായിരുന്നു പ്രതികൾ.
എന്നാൽ, ഈ നീക്കം മിൽ മാനേജറായ ബാലകൃഷ്ണൻ തിരിച്ചറിയുകയും എതിർക്കുകയും ചെയ്തതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം അറക്കപ്പൊടിയിൽ ഒളിപ്പിച്ച ശേഷം പ്രതികൾ അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു.
യാതൊരുവിധ തെളിവുകളും അവശേഷിപ്പിക്കാതെ പ്രതികൾ കടന്നുകളഞ്ഞ ഈ കേസ് കാലഹരണപ്പെടുമെന്ന് കരുതിയിരുന്നിടത്തുനിന്നാണ് കേരള പൊലീസിന്റെ നിർണായക വഴിതിരിവ് ഉണ്ടാകുന്നത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടി.
കുറ്റവാളികളെ കണ്ടെത്താൻ കേരള പൊലീസ് വികസിപ്പിച്ചെടുത്ത പുതിയ വെബ്സൈറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും കേസിൽ നിർണായക പങ്കുവഹിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രൻന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അസമിൽ നടത്തിയ അതീവ രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്.
ഈ കേസിലെ മറ്റു പ്രതികൾക്കായുള്ള ഊർജിതമായ അന്വേഷണം ക്രൈംബ്രാഞ്ച് തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

