പശ്ചിമേഷ്യയിൽ സംഘർഷാന്തരീക്ഷം കടുക്കുന്നതിനിടയിൽ, സൗദി അറേബ്യക്ക് പിന്തുണയുമായി യുകെ രംഗത്ത്. ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ യു കെ പോർവിമാനങ്ങൾ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കൂടുതൽ രാജ്യങ്ങളുമായി സൗദി ഭരണകൂടം നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടെ, സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികൾ വീണ്ടും മിസൈൽ ആക്രമണം നടത്തി.
എങ്കിലും, ഈ മിസൈലുകൾ കൃത്യസമയത്ത് തകർക്കാൻ സാധിച്ചതായി സൗദി സേന ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ നിലവിലെ അസ്ഥിരതയ്ക്കിടയിലും നിർണായകമായ പ്രതിരോധ നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫ്രാൻസുമായി യു എ ഇ പുതിയ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങുകയാണ്. ഇതിനായുള്ള പ്രാരംഭ ചട്ടക്കൂടുകൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.
മറുവശത്ത്, അമേരിക്ക – ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. അമേരിക്ക – ഇറാൻ സംഘർഷാന്തരീക്ഷം നിലനിൽക്കെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നയതന്ത്ര ചർച്ചകൾ വീണ്ടും ഊർജിതമായിരിക്കുകയാണ്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവ്, ഇറാൻ പരമാധികാര സുരക്ഷ കൗൺസിൽ മേധാവി മുഹ്സിൻ റിസയിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമവായത്തിന്റെ ഭാഗമായി, ഇറാന്റെ യുറേനിയം ശേഖരം ഏറ്റെടുത്ത് സൂക്ഷിക്കാമെന്ന് റഷ്യ ഇതിനിടെ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനുപുറമേ, പാക് സേന മേധാവിയും സന്ദർശനത്തിനായി ടെഹ്റാനിൽ എത്തുന്നുണ്ട്. അതേസമയം, അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുൻകൂട്ടി അറിയിക്കാതെ ഇസ്രയേലിൽ എത്തിയതായി അക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഈ രഹസ്യ സന്ദർശനം മേഖലയിലെ സമാധാന ചർച്ചകളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിലും ഗുരുതരമായ മുന്നറിയിപ്പുകളുമായി ഇറാൻ രംഗത്തുണ്ട്.
ആഗോളതലത്തിൽ തന്നെ ഇന്റർനെറ്റ് സംവിധാനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന രീതിയിൽ, ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന നിർണായക ഇന്റർനെറ്റ് ശൃംഖലയെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പുതിയ ഭീഷണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

