കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയേയും നിലവിൽ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് എഴുതിയ ലേഖനത്തിൽ മുന്നണിയിലേക്കുള്ള ക്ഷണം ഉണ്ടെന്ന സൂചനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിശകലനമാണ് ലേഖനത്തിലൂടെ നടത്തിയതെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും അത്തരം വിശകലനങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ വ്യക്തമാക്കിയിട്ടുള്ളതെന്നും, എൽഡിഎഫിനുള്ളിൽ സിപിഐ നിൽക്കുന്നത് പൊരിവെയിലത്താണെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകകക്ഷികൾ അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ, യുഡിഎഫ് ഇടപെടേണ്ട സാഹചര്യമുണ്ടായാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമാനമനസ്കരായ വ്യക്തികളെയും കക്ഷികളെയും തിരഞ്ഞെടുപ്പിന് മുൻപ് പലതവണ ക്ഷണിച്ചിരുന്നതായും, വരും ദിവസങ്ങളിൽ സാഹചര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സമയമുണ്ടെന്നും പി.എം.എ.സലാം പറഞ്ഞു. സിപിഐ മുന്നണിവിട്ടു വന്നാൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകരില്ലേ എന്ന ചോദ്യത്തിന്, നിലവിൽ അവിടെ കാര്യമായൊരു അടിത്തറയുണ്ടോ എന്നും ഇല്ലാത്ത അടിത്തറ എങ്ങനെയാണ് തകരുക എന്നും അദ്ദേഹം തിരിച്ചടിച്ചു.
സമസ്തയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ലീഗും മതസംഘടനകളും തമ്മിൽ യാതൊരുവിധ തർക്കവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മതസംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ല. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശപ്രധാനമുള്ള അന്വേഷണം സർക്കാർ നടത്തിവരികയാണെന്നും ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള ഭാരവാഹികളുടെ നിയമനങ്ങളിൽ താമസമില്ലെന്നും തക്കസമയത്ത് അവ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയപരമായ കാരണങ്ങളാകാം പരാജയത്തിന് പിന്നിലെന്നും സ്ഥാനാർത്ഥിയുടെ മാത്രം കുഴപ്പം കൊണ്ടാണ് തോറ്റതെന്ന അഭിപ്രായം ലീഗിനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർച്ചയുണ്ടായെന്ന തരത്തിലുള്ള ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

