ഡൽഹി: നേപ്പാളിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ എംപി.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറേയും അദ്ദേഹം ഔദ്യോഗികമായി അഭിനന്ദിച്ചു. നേപ്പാളിന് ഇന്ത്യ നൽകിവരുന്ന സഹായങ്ങൾ അതീവ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിലാണ് ശശി തരൂർ ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായ ദ്രുതഗതിയിലുള്ള ഇടപെടലുകൾ രക്ഷാപ്രവർത്തനത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മിന്നൽ പ്രളയത്തെ തുടർന്ന് ദുരന്തഭൂമിയായി മാറിയ നേപ്പാളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘത്തെ എത്രയും പെട്ടെന്ന് വിന്യസിക്കണമെന്ന സുപ്രധാന ആവശ്യവും ശശി തരൂർ കത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, കരസേനയുടെ എൻജിനീയറിങ് വിഭാഗത്തെയും രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെ പ്രകീർത്തിച്ചുകൊണ്ട് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

