രാമനാട്ടുകര ∙ അഴിഞ്ഞിലത്ത് ദേശീയപാത സർവീസ് റോഡിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ് പ്രദേശത്ത് വലിയ തോതിൽ അപകടങ്ങൾക്കു വഴിയൊരുക്കുന്നു. രാമനാട്ടുകര ഭാഗത്തു നിന്നെത്തുന്ന വലിയ ട്രക്കുകളാണു മേൽപാലത്തിനു സമീപത്തായി സർവീസ് റോഡിൽ നിർത്തിയിടുന്നത്.
ഇത് ഇടുങ്ങിയ പാതയിലൂടെയുള്ള യാത്രയിൽ കടുത്ത അപകട ഭീഷണിക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
സർവീസ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ അഴിഞ്ഞിലം ജംക്ഷനിലേക്ക് പ്രവേശിക്കുന്ന നിർണായക ഭാഗത്താണ് ലോറികൾ നിർത്തിയിടുന്നത്. ഇതിനാൽ വലിയ പ്രയാസപ്പെട്ടാണ് മറ്റ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു ചരക്കുമായി എത്തുന്നതും നഗരത്തിലെ വിവിധ വാഹനവിൽപന കേന്ദ്രങ്ങളിലേക്ക് എത്തുന്നതുമായ ലോറികളാണ് പാതയോരത്തു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിർത്തിയിടുന്നത്. സർവീസ് റോഡിൽ പാർക്കിങ് കർശനമായി പാടില്ലെന്നിരിക്കെ ഇതു പാലിക്കാൻ ലോറി ഡ്രൈവർമാർ തയാറാകുന്നില്ല.
രാപകൽ ഭേദമില്ലാതെ ഇവിടെ ലോറികളുടെ നീണ്ട നിരയാണ് കാണാനാകുന്നത്.
ഡ്രൈവർമാർക്കു വിശ്രമിക്കാനായി നിർത്തുന്ന ഈ വാഹനങ്ങൾ പലപ്പോഴും രാത്രി വൈകിയാണു പോകുന്നത്. സർവീസ് റോഡിൽ പൊതുഗതാഗതത്തിനു നിരന്തരം ഭീഷണിയാകുന്ന ഈ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
ഇക്കാര്യം ഔദ്യോഗികമായി ചൂണ്ടിക്കാട്ടി പൊലീസ്, ആർടിഒ, ദേശീയപാത അധികൃതർ എന്നിവർക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യാത്രക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

