ഹൈദരാബാദില് നടന്ന നാലാം ടി20 മത്സരത്തില് വെസ്റ്റ് ഇന്ഡീസിനെതിരെ ഇന്ത്യക്ക് 24 റണ്സിന്റെ തോല്വി. ആദ്യം ബാറ്റ് ചെയ്ത വിന്ഡീസ് ഉയര്ത്തിയ 248 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യക്ക് 19.4 ഓവറില് 223 റണ്സിന് എല്ലാവരെയും നഷ്ടമായി.
അവസാന ബാറ്ററായ അര്ഷ്ദീപ് സിംഗിന് ബാറ്റിംഗിനിടെ ഷമാര് ജോസഫിന്റെ പന്തേറ്റ് തോളിന് പരിക്കേറ്റതിനാല് റിട്ടയേര്ഡ് ഔട്ടാവേണ്ടി വന്നു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില് വിന്ഡീസ് ഇന്ത്യക്കൊപ്പമെത്തി (2-2).
പരമ്പരയിലെ നിര്ണായകമായ അവസാന മത്സരം ബെംഗളൂരുവില് വെച്ച് ശനിയാഴ്ച നടക്കും. റെക്കോര്ഡ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ് മികച്ച തുടക്കമാണ് സമ്മാനിച്ചത്.
വെറും 23 പന്തില് 56 റണ്സ് വാരിക്കൂട്ടിയ സഞ്ജുവാണ് ടീമിന്റെ ടോപ് സ്കോറര്. നാല് സിക്സുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
മറുവശത്ത് അഭിഷേക് ശര്മയെ കാഴ്ചക്കാരനാക്കി തകര്ത്തടിച്ച സഞ്ജുവിന്റെ കരുത്തില് ഇന്ത്യ മൂന്ന് ഓവറില് തന്നെ 50 റണ്സ് കടന്നിരുന്നു. തുടര്ന്ന് അഞ്ചാം ഓവറില് കീമോ പോളിന്റെ പന്തില് ഷിമ്രോണ് ഹെറ്റ്മെയറിന് ക്യാച്ച് നല്കി താരം പുറത്തായി.
മറ്റ് ബാറ്റര്മാരില് തിലക് വര്മ 25 പന്തില് 43 റണ്സും, നിതീഷ് കുമാര് റെഡ്ഡി 20 പന്തില് 41 റണ്സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
അഭിഷേക് ശര്മ (24 പന്തില് 29), ക്യാപ്റ്റന് ശ്രേയസ് അയ്യര് (11 പന്തില് 16), ഇഷാന് കിഷൻ (6), നമൻ ധിര് (0) എന്നിവര്ക്ക് തിളങ്ങാനായില്ല. വിന്ഡീസിനായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത കീമോ പോള് 40 റണ്സ് വഴങ്ങി 5 വിക്കറ്റുകള് വീഴ്ത്തി ഇന്ത്യയുടെ നട്ടെല്ലൊടിച്ചു.
ഗുഡകേഷ് മോടി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്ഡീസ് നിശ്ചിത 20 ഓവറില് 3 വിക്കറ്റ് നഷ്ടത്തില് 247 റണ്സ് എന്ന വലിയ സ്കോര് പടുത്തുയര്ത്തി.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ തകര്പ്പൻ സെഞ്ചുറിയാണ് സന്ദര്ശകര്ക്ക് വലിയ സ്കോര് സമ്മാനിച്ചത്. 50 പന്തില് 102 റണ്സുമായി ഷായ് ഹോപ്പ് പുറത്താകാതെ നിന്നു.
ഷെര്ഫൈന് റൂഥര്ഫോര്ഡ് (49), ഷിമ്രോണ് ഹെറ്റ്മെയര് (33), റൊവ്മാന് പവല് (24) എന്നിവരും വിന്ഡീസ് നിരയില് തിളങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

