രാജ്യത്ത് തുടർച്ചയായി കുറഞ്ഞുവരുന്ന വിവാഹ-ജനന നിരക്കുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തികച്ചും വ്യത്യസ്തമായ നടപടികളുമായി ചൈന രംഗത്ത്. ഇതിന്റെ ഭാഗമായി പരമ്പരാഗത രീതികളിൽ നിന്നും മാറി ചിന്തിക്കുകയാണ് അധികൃതർ.
ജനന നിരക്ക് എന്തുവിലകൊടുത്തും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ആശുപത്രികളും ബാങ്കുകളും വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങി.
കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ലിൻസി ഡിസ്ട്രിക്റ്റ് മാതൃ – ശിശു സംരക്ഷണ ആശുപത്രിയിലാണ് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം പുതുതായി പ്രവർത്തനം തുടങ്ങിയത്. ഓഗസ്റ്റ് 20-ന് ചൈനീസ് വാലന്റൈൻസ് ഡേയായ ഖിസി ഫെസ്റ്റിവൽ ദിനത്തിലാണ് ആശുപത്രി പുതിയ സേവനം പ്രഖ്യാപിച്ചത്.
ഒരൊറ്റ കുടക്കീഴിൽ വിവാഹ രജിസ്ട്രേഷൻ, വിവാഹപൂർവ്വ ആരോഗ്യ പരിശോധനകൾ, ഗർഭധാരണത്തിനുള്ള മുൻകൂർ ഉപദേശങ്ങൾ എന്നിവ നൽകുന്നതിലൂടെ നവദമ്പതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതിന് മുന്നോടിയായി വടക്കൻ ചൈനയിലെ ടിയാൻജിനിലെ പോസ്റ്റൽ സേവിങ്സ് ബാങ്ക് ഓഫ് ചൈനയുടെ ഒരു ശാഖ രാജ്യത്തെ ആദ്യ ബാങ്കായി വിവാഹ രജിസ്ട്രേഷൻ സേവനം ആരംഭിച്ചിരുന്നു.
ധനകാര്യ സ്ഥാപനവും പ്രണയവും ഒന്നിക്കുന്ന ഈ നീക്കം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രികളിലും സമാനമായ രീതിയിൽ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഷാങ്ഹായിലെ പ്രമുഖ നൈറ്റ് ക്ലബ്ബും പ്രാദേശിക ഭരണകൂടവും ചേർന്ന് സമാനമായ രീതിയിൽ യുവതീയുവാക്കൾക്കായി വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഹെഫെയ് നഗരത്തിലെ മെട്രോ സ്റ്റേഷനിലും പ്രശസ്തമായ ക്ഷേത്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവാഹ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സ്വദേശത്തേക്ക് പോകാതെ തന്നെ രാജ്യത്ത് എവിടെനിന്നും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമഭേദഗതി നിലവിൽ വന്നതോടെയാണ് ഇത്തരം വേറിട്ട സംവിധാനങ്ങൾ വ്യാപകമായത്.
നിലവിൽ 500-ലധികം അനൗദ്യോഗിക കേന്ദ്രങ്ങളും 1,300-ഓളം ഔദ്യോഗിക ഔട്ട്ഡോർ സംവിധാനങ്ങളുമാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. സാമ്പത്തിക ഭാരം, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ചൈനയിലെ യുവജനങ്ങൾ വിവാഹ ജീവിതത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നുനിൽക്കുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കിയത് കൊണ്ട് മാത്രം യുവജനങ്ങൾ വിവാഹത്തിന് തയ്യാറാകില്ലെന്ന വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ജനന നിരക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

