രാജ്യത്തെ ഞെട്ടിച്ച മീററ്റിലെ ‘ബ്ലൂ ഡ്രം’ കൊലക്കേസിൽ നിർണായക വിധി പുറത്തുവന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത് കൊല്ലപ്പെട്ട
സംഭവത്തിൽ ഭാര്യ മസ്കൻ റസ്തോഗി, കാമുകൻ സാഹിൽ ശുക്ല എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മീററ്റിലെ ജില്ലാ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്. 2025 മാർച്ച് മൂന്നാം തീയതിയാണ് കൊലപാതകം നടക്കുന്നത്.
സൗരഭിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു മസ്കന്റെയും കാമുകനായ സാഹിൽ ശുക്ലയുടെയും പദ്ധതി. ഇതിന്റെ ഭാഗമായിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം സൗരഭിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് സാഹിൽ ശുക്ലയും സൗരഭിന്റെ വീട്ടിലെത്തുകയും, മസ്കനും സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം കുളിമുറിയിൽവെച്ച് മൃതദേഹം വെട്ടിനുറുക്കി. തുടർന്ന് മൃതദേഹഭാഗങ്ങൾ നീല ഡ്രമ്മിലാക്കി കോൺക്രീറ്റും മണലും ഇട്ട് മൂടുകയായിരുന്നു.
മൃതദേഹം ഒളിപ്പിച്ച നീല ഡ്രമ്മാണ് കേസിൽ പ്രധാന തെളിവായി മാറിയത്. കൃത്യത്തിന് ശേഷം പ്രതികൾ ഹിമാചൽ പ്രദേശിലേക്ക് കടന്നു.
ഈ സമയം സൗരഭിന്റെ ഫോണിൽനിന്ന് സൗരഭാണെന്ന വ്യാജേന മസ്കൻ ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. സൗരഭ് ഒരു യാത്രയിലാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ലഭിക്കാത്തതിനാൽ ബന്ധുക്കൾക്ക് സംശയമുണ്ടായി. തുടർന്ന് മാർച്ച് 17-ാം തീയതി ബന്ധുക്കൾ വീട്ടിലെത്തി അന്വേഷണം നടത്തി.
ഇതിനിടെയാണ് സൗരഭിന്റെയും മസ്കന്റെയും ആറുവയസ്സുള്ള മകൾ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പപ്പ നീല ഡ്രമ്മിലുണ്ടെന്നായിരുന്നു കുട്ടി വീട്ടിലെത്തിയവരോട് വെളിപ്പെടുത്തിയത്.
ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നീല ഡ്രം തുറന്നതോടെയാണ് അതിഭീകരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നതും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതും.
തുടർന്ന് ഷിംലയിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

