തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിർത്തിയതുമായി ബന്ധപ്പെട്ട് ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന ചടങ്ങിലേക്ക് പോകുന്ന വഴിയാണ് ചേന്തിയിൽ വെച്ച് സംഭവം നടന്നത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞുനിർത്തിയത്.
വാഹനം തടഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി വിവരങ്ങൾ അന്വേഷിച്ചു. ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ, ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടി.
സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി മാസങ്ങൾക്ക് മുൻപ് സമ്മതിച്ചിരുന്നുവെന്നാണ് ചേന്തി അനിൽ വ്യക്തമാക്കുന്നത്. അവസാന നിമിഷം വരെ അദ്ദേഹം എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ഉള്ളൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. തുടർന്ന് വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം അറിയിക്കുകയായിരുന്നുവെന്നും, സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

