കോവളത്ത് പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ സ്പാകളിൽ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ അറസ്റ്റിലായ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വട്ടക്കരിക്കകം കാക്കാണിക്കര മഹേഷ് ഭവനിൽ വി.സി.മായയെ (42) കുടുക്കിയത് നിർണായകമായ സാമ്പത്തിക ഇടപാടുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ പ്രതികളായ അനുരൂപിന്റെയും നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഫോണിലുണ്ടായിരുന്നു.
ദിവസവും നിശ്ചിതതുക അനുരൂപിന്റെ ഗൂഗിൾപേ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ അയച്ചിരുന്നതായും കണ്ടെത്തി.
തുടർന്ന് മായയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെളിവുകൾ നിരത്തിയതോടെ മായ കുറ്റം സമ്മതിക്കുകയായിരുന്നു.
മായയുടെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി ഉയർന്നു. റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്തും പീഡനം നടന്ന സ്പാകളിലൊന്നായ ഡ്രീംസിന്റെ ദൈനംദിന കാര്യങ്ങൾ നടത്തിയിരുന്ന ആളുമാണ് മായയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസി.
കമ്മിഷണർ എസ്.ചന്ദ്രകുമാർ അറിയിച്ചു. മറ്റൊരു സ്പാ ഉടമയായ സജിത്കുമാർ, പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
പെൺകുട്ടിയുടെ ഇളയമ്മയുൾപ്പെടെയുള്ളവരും മായയും തമ്മിലുള്ള ഫോൺ ബന്ധങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പെൺകുട്ടിയും മായയും സ്പായിൽ ഒന്നിച്ചുണ്ടായിരുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ദൂരെ നഗരൂരിൽ ജോലിയുള്ള മായ വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസത്തിനെത്തിയത് അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയിരുന്നു. കേസിൽ കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനുള്ള പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

