മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും സഭയുടെ നിരവധി നിർണായക ചരിത്ര ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വ്യക്തിയുമായ റവ. വി.വി.
ബഹനാൻ കോർ എപ്പിസ്കോപ്പ (93) അന്തരിച്ചു. കൊച്ചിയിലും കോട്ടയത്തുമായി നീണ്ടകാലത്തെ സേവനങ്ങൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ അന്ത്യം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു.
സഭയുടെ അങ്കമാലി, കണ്ടനാട്, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിൽ അദ്ദേഹം സതുതുമർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ മത്തായി വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകനാണ്.
മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗമായ പരേതയായ മേരിക്കുട്ടി ബെഹനാനാണ് ഭാര്യ. സന്തോഷ് ബെഹനാൻ, സബി സന്തോഷ്, പരേതയായ ശാന്ത ബെഹനാൻ എന്നിവരാണ് മക്കൾ.
ഡോ. ബെഹനാൻ സന്തോഷ്, മേരി ലിസ ഐസക്, ജോഷ്വാ ബെഹനാൻ, സുസൈൻ ബെഹനാൻ എന്നിവർ കൊച്ചുമക്കളാണ്.
സഭയുടെ പ്രഥമ കാതോലിക്കാ ബാവായായ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, വിവിധ ഇടവകകളിൽ വികാരിയായും സഭാ സ്ഥാപനങ്ങളിൽ നിർണായക ചുമതലകളിലും തിളങ്ങി. അങ്കമാലി ഭദ്രാസനത്തിലെ കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലും കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലുമായി ഒരേ സമയം 40 വർഷത്തോളം അദ്ദേഹം പൗരോഹിത്യ സേവനം കാഴ്ചവെച്ചു.
2004 മുതൽ കുറുപ്പുംപടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കൂടാതെ കുറുപ്പംപടി സെന്റ് തോമസ് കാത്തോലിക്കറ്റ് സെന്റർ, കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, മുണ്ടക്കയം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളി, കോയമ്പത്തൂർ തടാകം ആശ്രമം, ഐരാപുരം ഗാർഡിയൻ ഏഞ്ചൽ ചാപ്പൽ എന്നിവിടങ്ങളിലും അദ്ദേഹം ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ, മുണ്ടക്കയം പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലും സാമൂഹിക സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം, കോലഞ്ചേരി എംഒഎസസി മെഡിക്കൽ കോളജ് ഗവേണിങ് ബോർഡ് അംഗം, എക്സിക്യൂട്ടീവ് ബോർഡ് അംഗം, എസ്എച്ച്എഡിഇ ഓർഗനൈസേഷൻ പ്രസിഡന്റ്, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ്, എംഒഎസസി മെഡിക്കൽ കമ്യൂണിറ്റി മെഡിസിൻ, അങ്കമാലി ആദം പബ്ലിക് സ്കൂൾ വൈസ് പ്രസിഡന്റ്, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, വരിക്ലായിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾ:
ഭൗതിക ശരീരം ചൊവ്വാഴ്ച (സെപ്റ്റംബർ 15) ഉച്ചയ്ക്ക് 12ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി തെക്കേ ഐരാപുരം കുരിശുപള്ളി, ചെറു നെല്ലാട് കുരിശുപള്ളി, നെല്ലാട് കുന്നത്തോളി കുരിശുപള്ളി എന്നിവിടങ്ങളിലെ നഗരികാണിക്കൽ ശുശ്രൂഷകൾക്ക് ശേഷം, അദ്ദേഹം 22 വർഷമായി സേവനമനുഷ്ഠിക്കുന്ന കുറുപ്പുംപടി സെന്റ് തോമസ് ഓർത്തഡോക്സ് കാത്തോലിക്കറ്റ് സെന്ററിലെത്തിക്കും. ഇവിടെ സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം നടക്കും.
വൈകിട്ട് 5 മുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ കുന്നക്കുരുടി സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന നടക്കും.
തുടർന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ സമാപന ശുശ്രൂഷയും അനുശോചന സമ്മേളനവും നടക്കും. സംസ്കാര ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിക്കും.
സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും ചടങ്ങിൽ സഹകാർമികരാകും.

