ഉത്തർപ്രദേശിലെ വാരണാസിയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. ട്രൗസറിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ സ്വകാര്യ പ്ലേ സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രിീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതിയിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. വാരണാസിയിലെ ഒരു സ്വകാര്യ പ്ലേ സ്കൂളിലാണ് ഈ അമാനവീയ സംഭവം അരങ്ങേറിയത്.
ക്ലാസ് സമയത്ത് മൂത്രമൊഴിക്കാൻ പോകാൻ അനുവാദം ചോദിച്ച കുഞ്ഞിനെ അധ്യാപിക വിലക്കുകയായിരുന്നു. എന്നാൽ, ഇതിനുപിന്നാലെ കുട്ടി അറിയാതെ ട്രൗസറിൽ മൂത്രമൊഴിച്ചു.
ഇതാണ് അധ്യാപകയെ പ്രകോപിപ്പിച്ചത്. തുടർന്ന് അഞ്ചുവയസുകാരനെ തൊട്ടടുത്ത മുറിയിലേക്ക് വിളിപ്പിച്ച ഇവർ ക്രൂരമായി മർദ്ദിക്കുകയുണ്ടായി.
ഇതിനുശേഷവും ദേഷ്യം അടങ്ങാതെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ചൂടാക്കി കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ വെച്ച് പൊള്ളിക്കുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അമ്മയോട് തുറന്നുപറയുകയും ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ കാണിച്ചു കൊടുക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ഉടൻതന്നെ രക്ഷിതാക്കൾ സ്കൂളിലെത്തി പരാതിപ്പെട്ടെങ്കിലും, പ്രിൻസിപ്പാളും മാനേജ്മെന്റും ഇത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സ്കൂൾ അധികൃതരുടെ ഈ നിഷേധാത്മക സമീപനത്തെതുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക പ്രീത കുശ്വാഹയ്ക്ക് പുറമെ സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനും എതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കുട്ടിയുടെ മെഡിക്കൽ പരിശോധനാ ഫലം ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാപ്പർഹിക്കാത്ത ഈ ക്രൂരതയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

