തമിഴ്നാടിന്റെ പുതിയ പോലീസ് മേധാവിയായി (ഡിജിപി) മഹേഷ് കുമാർ അഗർവാളിനെ നിയമിച്ചു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയായി സേവനമനുഷ്ഠിക്കുകയാണ്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറൽ എന്ന അധിക ചുമതല കൂടി അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ പാനലിൽ നിന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
തമിഴ്നാട്ടിൽ സ്ഥിരം ഡിജിപിയെ നിയമിക്കാത്തതിനെത്തുടർന്ന് ആക്റ്റിംഗ് ഡിജിപി നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ നിലവിൽ കേസ് നിലവിലുണ്ട്. സംസ്ഥാനങ്ങളുടെ ഭരണപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട
വിഷയമായാണ് ഡിജിപി നിയമനത്തെ ഡിഎംകെ സർക്കാർ നോക്കിക്കാണുന്നത്. തമിഴ്നാട് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് മഹേഷ് കുമാർ അഗർവാൾ.
അടുത്തിടെയാണ് അദ്ദേഹം കേന്ദ്ര സർക്കാർ തലത്തിൽ ഡയറക്ടർ ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടിയത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള നിർണായക പദവികൾ അദ്ദേഹം നേരത്തെ വഹിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലെ ക്രമസമാധാന പരിപാലനത്തിന് പുറമെ ആംഡ് പോലീസ് ഡയറക്ടർ ജനറൽ, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യൽ ഡയറക്ടർ ജനറൽ എന്നീ തസ്തികകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പോലീസ് ഭരണപരിഷ്കാരങ്ങൾക്കായി രൂപീകരിച്ച അഞ്ചാം പോലീസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധ സമിതിയിൽ അംഗമായിരുന്നു അദ്ദേഹം.
മികച്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പരിഗണിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും തമിഴ്നാട് മുഖ്യമന്ത്രിയുടെ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

