കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടത്തിയ പരിശോധനകളിൽ വൻ തോതിൽ നിയമലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി നടന്ന കർശന പരിശോധനാ നടപടികൾക്ക് സെക്ടർ തലവൻ ബ്രിഗേഡിയർ അബ്ദുള്ള അൽ അതീഖി നേതൃത്വം നൽകി.
വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നടന്ന ഈ സുരക്ഷാ ദൗത്യത്തിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അൽ സാരി, എമർജൻസി പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് അൽ ഹാജരി, അസിസ്റ്റന്റ് ബ്രിഗേഡിയർ ഹംലാൻ അൽ ഹംലാൻ എന്നിവർ നേരിട്ട് മേൽനോട്ടം വഹിച്ചു. പ്രധാന കണക്കുകൾ കഴിഞ്ഞ ഏഴ് ദിവസത്തെ പരിശോധനയിൽ മാത്രം 15,373 ട്രാഫിക് നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തി.
അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 33 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ രീതിയിൽ നിയമം ലംഘിച്ചതിന് 185 കാറുകളും 18 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് പ്രത്യേക ഗാരേജുകളിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ച 12 പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടികൂടി ജുവനൈൽ പ്രൊസിക്യൂഷന് കൈമാറി. തുടർനടപടികൾ ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് മൂവ്മെന്റ് വിഭാഗങ്ങൾ, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് അവയർനസ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.
റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

