കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമർപ്പിച്ച ഹർജിയിൽ അടിയന്തര ഇടപെടൽ നടത്താൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയത്തിന്റെ ഗൗരവവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ ഭാഗം വിശദമായി കേട്ടതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി, കേസ് ജൂലൈ 6-ലേക്ക് മാറ്റിവെച്ചു. മന്ത്രാലയത്തിന്റെ റിവ്യൂ കമ്മിറ്റി മുൻപാകെ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ ഹർജിക്കാരനായ അഭിജിത്ത് ദീപ്കെയോടും കോടതി നിർദ്ദേശിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനും ഈ വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐടി ആക്ട് സെക്ഷൻ 69(എ) പ്രകാരമാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചത്.
തനിക്ക് പറയാനുള്ളത് കേൾക്കാതെ എടുത്ത നടപടി സ്വാഭാവിക നീതിയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. രാഷ്ട്രീയ ഹാസ്യത്തിലൂടെ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് 2026 മേയ് മൂന്നാം വാരത്തോടെയാണ് ഇന്ത്യയിൽ മരവിപ്പിച്ചത്.
വലിയ തോതിൽ ഫോളോവേഴ്സിനെ നേടി ഈ അക്കൗണ്ട് ജനശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

