സിഎംആർഎൽ (CMRL) – എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന്റെ രണ്ടാം ഘട്ട നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടക്കുന്നു.
റെയ്ഡിന്റെ ഭാഗമായി പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും പരിശോധിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനായി ഇന്ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും.
പിടിച്ചെടുത്തവയിൽ വീണ വിജയന്റെ ഫോണും ഉൾപ്പെടുന്നുണ്ടെന്നും, ഇത് പരിശോധിക്കുന്നത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരിശോധനയിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനും സിഎംആർഎല്ലുമായി ബന്ധപ്പെട്ട
മറ്റ് വ്യക്തികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ സിഎംആർഎല്ലിൽ നിന്ന് 2.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട
ശക്തമായ തെളിവുകൾ ഇഡിയുടെ പക്കലുണ്ട്. ഇതോടൊപ്പം ആദായ നികുതി വകുപ്പിന്റെ ഇടക്കാല സെറ്റിൽമെന്റ് കമ്മിഷൻ റിപ്പോർട്ടും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഈ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഹൈക്കോടതിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. സിഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ചോദ്യം ചെയ്തതിലൂടെ പുറത്തുവന്ന വിവരങ്ങൾ, ഇപ്പോൾ പിടിച്ചെടുത്ത രേഖകൾ വഴി കൂടുതൽ സ്ഥിരീകരിക്കാനാകുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ.
റെയ്ഡിനിടെ 242 അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട
വിശദമായ റിപ്പോർട്ട് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഉടൻ കൈമാറും. തുടർനടപടികളുടെ ഭാഗമായി വീണ വിജയനെക്കൊണ്ടുതന്നെ ഫോൺ തുറപ്പിച്ച് പരിശോധന നടത്താൻ ഇഡി ആലോചിക്കുന്നുണ്ട്.
ഇത് സാധ്യമായില്ലെങ്കിൽ സ്വന്തം നിലയ്ക്ക് ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ വീണ്ടെടുക്കാനാണ് തീരുമാനം. ഇഡി നടപടികൾക്കെതിരെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സിഎംആർഎൽ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണത്തിന്റെ തുടർച്ചയെ നിയമപരമായി തടയാനുള്ള നീക്കങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

