വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുന്നു. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ 45 അംഗ സംഘമാണ് പ്രദേശത്ത് കർശന നിരീക്ഷണം നടത്തിവരുന്നത്.
പ്രദേശത്തെ ദുഷ്കരമായ ഭൂപ്രകൃതി ദൗത്യത്തിന് വെല്ലുവിളിയാണെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഒരു ഭാഗം കുന്നും മറുഭാഗം താഴ്വരയുമായുള്ള ഭൂഘടന മയക്കുവെടി വെക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, മേഖലയിൽ മറ്റ് നിരവധി കാട്ടാനകൾ കൂടി നിലയുറപ്പിച്ചിട്ടുള്ളതിനാൽ, പിടികൂടേണ്ട ആനയെ കൃത്യമായി തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പുത്തുമല സ്വദേശികളായ ദമ്പതികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ജോലിക്ക് പോകുന്നതിനിടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ജെസ്സി എന്ന വീട്ടമ്മ മരണപ്പെടുകയും ഭർത്താവ് ഷാജിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഷാജി നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മേപ്പാടി ടൗണിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധത്തെ തുടർന്ന്, വനം വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സൗത്ത് ഡി എഫ് ഒ അറിയിച്ചിരുന്നു. തുടർന്ന്, 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ശിപാർശ ചെയ്യുമെന്നും കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്നും ഡി എഫ് ഒ പ്രതിഷേധക്കാരോട് ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

