തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് പവര്‍കട്ട് അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട
സാഹചര്യം ഉണ്ടായേക്കാമെന്നാണ് സൂചന. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട
ഫയലില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വൈദ്യുതി വാങ്ങുന്നതിന് അനുമതി തേടിക്കൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെങ്കിലും ഇതുവരെയും സര്‍ക്കാര്‍ തലത്തില്‍ അന്തിമ ഉത്തരവായിട്ടില്ല.
വരുന്ന നവംബര്‍ മാസം മുതല്‍ അടുത്ത വര്‍ഷം മെയ് മാസം വരെയുള്ള കാലയളവില്‍ വൈദ്യുതി ഉപഭോഗം ഉയരുമെന്നാണ് കണക്കാക്കുന്നത്. നവംബറില്‍ മാത്രം പീക്ക് അവര്‍ കമ്മി 738 മെഗാവാട്ട് വരെയാകാനാണ് സാധ്യത.
ഇതിന് പരിഹാരമായി ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ധാരണയായിരുന്നു. ഹിമാചലിന്റെ ഭാഗത്തുനിന്ന് പീക്ക് അവര്‍ സമയത്ത് 864 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെ വൈദ്യുതി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഇത് ലഭ്യമായാല്‍ സംസ്ഥാനത്തെ പ്രതിസന്ധി വലിയ അളവില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഹിമാചലില്‍ നിന്ന് വൈദ്യുതി എത്തിക്കുമ്പോള്‍ യൂണിറ്റിന് 12.50 രൂപ മുതല്‍ 14.50 രൂപ വരെയാണ് ചിലവ് വരുന്നത്.
റെഗുലേറ്ററി കമ്മീഷന്റെ സാധാരണ അനുമതിക്ക് അപ്പുറത്തേക്ക് തുക അധികമായി വരുന്നതിനാല്‍, ഭാവിയിലെ പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് കെഎസ്ഇബി സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി തേടുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ അനുമതി നേടിയ ശേഷമാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഈ ഫയലില്‍ ഇതുവരെയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ അന്തിമ തീരുമാനവും ഉണ്ടായിട്ടില്ല. ഇതിനിടയില്‍, ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതമായി പുതിയ സാമ്പത്തിക ഭാരവും വരുന്നുണ്ട്.
വരുന്ന നവംബര്‍ മാസം മുതല്‍ ഉയര്‍ന്ന ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിമാസ ബില്ല അടയ്ക്കുന്ന ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് 5 പൈസ വീതവും, ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 4 പൈസ വീതവുമാണ് സര്‍ചാര്‍ജ് ഈടാക്കുക.
കഴിഞ്ഞ സെപ്റ്റംബര്‍ മാസം കെഎസ്ഇബിക്ക് ഉണ്ടായ 11.92 കോടി രൂപയുടെ അധിക ബാധ്യത ஈടക്കുന്നതിനായാണ് ഈ തുക അടുത്ത മാസം മുതല്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

