ദേശീയപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ കൊമ്മാടി വഴി കടന്നുപോകുന്ന വാഹനയാത്രക്കാരുടെ ദുരിതം വർധിക്കുന്നു. നിലവിൽ സർവീസ് റോഡിലൂടെയാണ് ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത്.
എന്നാൽ ഇവിടെ യാതൊരുവിധ ഗതാഗതനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശവക്കോട്ടപാലം ഭാഗത്തുനിന്ന് ചേർത്തലയിലേക്ക് പോകേണ്ട
വാഹനങ്ങൾ കൊമ്മാടി അടിപ്പാതയിലൂടെ വേണം വടക്കോട്ടുള്ള റോഡിലേക്ക് പ്രവേശിക്കാൻ. ഇവിടെ അടിപ്പാതയിൽ നിന്ന് വരുന്ന വാഹനങ്ങളും ബൈപാസ് ഇറങ്ങിവരുന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കാൻ സാധ്യത ഏറെയാണ്.
അടിപ്പാതയ്ക്ക് സമീപത്തെ റോഡ് തകർന്നു കിടക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. ചേർത്തല ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് അതിവേഗത്തിൽ എത്തുന്നതെന്നതും ആശങ്ക ഉണർത്തുന്നു.
പലപ്പോഴും വാഹനങ്ങൾ നേർക്കുനേർ വരുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടാകുന്നത്. ബൈപാസ് ഇറങ്ങിവരുന്ന വാഹനങ്ങളും ശവക്കോട്ട
പാലം ഭാഗത്തുനിന്നുള്ള വാഹനങ്ങളും കൈചൂണ്ടി ഭാഗത്തേക്ക് സഞ്ചരിക്കാൻ കിഴക്കുവശത്തെ സർവീസ് റോഡിനെയാണ് ആശ്രയിക്കുന്നത്. അടിപ്പാതയ്ക്ക് സമീപത്തുനിന്ന് കൈചൂണ്ടി ഭാഗത്തേക്ക് പോകണമെങ്കിൽ തുമ്പോളി അടിപ്പാതയിലൂടെ കറങ്ങി വേണം കൊമ്മാടിയിലെത്താൻ.
മുൻകാലങ്ങളിൽ ഇവിടെ പൊലീസിന്റെ സേവനം ലഭ്യമാക്കിയിരുന്നുവെങ്കിലും നിലവിൽ ഗതാഗത നിയന്ത്രണത്തിനായി യാതൊരുവിധ സംവിധാനങ്ങളും നിലവിലില്ല. ഇതേതുടർന്ന് ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളാണ് ഈ പ്രദേശത്ത് അടുത്തിടെയുണ്ടായത്.
കൂടാതെ രാത്രികാലങ്ങളിലെ വെളിച്ചക്കുറവും ഇവിടെ അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

