നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു വർഷങ്ങളായി ശയ്യാവലംബിയായി കഴിയുന്ന ഗൃഹനാഥൻ അടിയന്തര തുടർചികിത്സയ്ക്കായി കാരുണ്യം തേടുന്നു. വിഴിഞ്ഞം കിടാരക്കുഴി നാലുകെട്ടായ മേക്കരുക് വീട്ടിൽ ജി.സുരേഷാണ് (53) കഴിഞ്ഞ ഏഴ് വർഷമായി ദുരിതജീവിതം നയിക്കുന്നത്.
2019 ഏപ്രിൽ 20ന് പെയിന്റിങ് ജോലിക്കിടെ ഉണ്ടായ അപകടമാണ് സുരേഷിന്റെയും കുടുംബത്തിന്റെയും ജീവിതം പൂർണ്ണമായും തകിടം മറിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പണിയെടുത്തു കൊണ്ടിരിക്കവെ ഏണി തെന്നി താഴേക്ക് പതിക്കുകയായിരുന്നു.
ഈ ദാരുണമായ വീഴ്ചയെ തുടർന്ന് സുരേഷിന് എഴുന്നേൽക്കാൻ കഴിഞ്ഞിട്ടില്ല. അരയ്ക്ക് താഴേക്ക് പൂർണ്ണമായും തളർന്ന അവസ്ഥയിലാണ് അദ്ദേഹം.
ഈ കാലയളവിനുള്ളിൽ നിരവധി ചികിത്സകൾ നടത്തിയെങ്കിലും യാതൊരുവിധ ആരോഗ്യപരമായ മാറ്റവും ഉണ്ടായിട്ടില്ല. പത്തുവർഷം കെഎസ്ആർടിസി എം പാനൽ കണ്ടക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുരേഷ്, ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടതിനെ തുടർന്നാണ് കുടുംബം പുലർത്താനായി പെയിന്റിങ് പണിക്ക് ഇറങ്ങിയത്.
അതീവ നിർധനമായ കുടുംബത്തിന്റെ ആശ്രയമായിരുന്ന സുരേഷിന്റെ അപ്രതീക്ഷിത അപകടവും ഉയർന്ന ചികിത്സാച്ചെലവും കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് തള്ളിയിട്ടത്. നിലവിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സുരേഷിന് ഈ ആഴ്ച അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ചികിത്സാച്ചെലവുകളും വീട്ടുപയോഗങ്ങളും ഒപ്പം മക്കളുടെ പഠനച്ചെലവുകളും താങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഭാര്യ ടി.കെ.ഷീജ വ്യക്തമാക്കി. ഷീജ ട്യൂഷൻ എടുത്തു ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് കുടുംബത്തിന്റെ മുന്നോട്ടുപോക്ക്.
ചികിത്സയ്ക്കായി പണം കടം വാങ്ങിയതുമൂലമുള്ള ബാധ്യതകളും ദിവസേന വർധിച്ചു വരികയാണെന്ന് കുടുംബം പറയുന്നു. സുരേഷിന്റെ ചികിത്സാ സഹായത്തിനായി എസ്ബിഐ വിഴിഞ്ഞം ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സുമനസ്സുകൾക്ക് സഹായിക്കാനായി ബാങ്ക് വിവരങ്ങൾ താഴെ നൽകുന്നു:
ബാങ്ക്: എസ്ബിഐ, വിഴിഞ്ഞം ശാഖ
അക്കൗണ്ട് നമ്പർ: 67153955776
ഐഎഫ്എസ്സി: SBIN0070325
ഫോൺ: 7306184381
യുപിഐ അക്കൗണ്ട് നമ്പർ: 7306184381
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

