അന്വേഷണം പുരോഗമിക്കുന്നതിനിടെ ഔദ്യോഗിക സർവീസ് സംഘടന മാറ്റി സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജൻ. ഇടത് സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനിൽ അംഗമായിരുന്ന പ്രജനി, ഈ മാസം ഏഴിനാണ് കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയനിൽ ചേർന്നത്.
എന്നാൽ വിജിലൻസ് റെയ്ഡ് വിവരം പുറത്തുവന്നതിന് പിന്നാലെ പ്രജനിയുടെ അംഗത്വം കെജിഒയു താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് 2025 അവസാനത്തോടെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ പ്രജനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അഞ്ച് തവണ അവസരം നൽകിയിട്ടും തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു.
കേസിൽ നിന്ന് രക്ഷപ്പെടാനും എറണാകുളം ജില്ലയിൽ തന്നെ തുടരാനുമുള്ള രാഷ്ട്രീയ സംരക്ഷണത്തിന്റെ ഭാഗമായാണ് പ്രജനി കോൺഗ്രസ് സംഘടനയിലേക്ക് മാറിയതെന്നാണ് ഉയരുന്ന ആക്ഷേപം. 2005ൽ പിഎസ്സി വഴിയാണ് പ്രജനി സെയിൽസ് ടാക്സ് വകുപ്പിൽ എത്തിയത്.
പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മിഷണറായി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട
കേസുകളിൽ അന്തിമനടപടിയും അംഗീകാരവും നൽകേണ്ട ചുമതലയായിരുന്നു പ്രജനിക്കുണ്ടായിരുന്നത്.
വലിയ വ്യാപാര സ്ഥാപനങ്ങളുടെ അസസിങ് ഓഫിസറായി എറണാകുളത്ത് ദീർഘകാലം സ്പെഷൽ സർക്കിളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവർ, 2020ലാണ് ജോയിന്റ് കമ്മിഷണറായി ഉയർത്തപ്പെട്ടത്. പ്രജനിയുടെ തേവരയിലെ ഓഫിസിലും പച്ചാളത്തെ വസതിയിലും ശനിയാഴ്ച രാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും, ഒരു പവൻ വീതം തൂക്കമുള്ള നാലു സ്വർണനാണയങ്ങളും, 190 ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
വൻകിട നികുതി വെട്ടിപ്പുകാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണ് ഇതെന്ന നിഗമനത്തിൽ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും വിജിലൻസ് പരിശോധിച്ചുവരികയാണ്.
കൊച്ചി നഗരത്തിലെ ബാർ ഹോട്ടലുകളുടെ ജിഎസ്ടി തിരിച്ചടവുകളിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ജിഎസ്ടി ഉന്നതരുടെ ഒത്താശ ഇതിനുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ശക്തമാക്കിയത്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പ്രജനി സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത തുക എറണാകുളം സൗത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണെന്നും, യുഎസ് ഡോളർ യാത്രാ ആവശ്യത്തിന് കരുതിയതാണെന്നുമാണ് പ്രജനി നൽകിയ വിശദീകരണം. എന്നാൽ ഇതിനുള്ള കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല.
വിജിലൻസ് ഈ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

