തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ ഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിലവിലുള്ള ഭരണസമിതികൾ പിരിച്ചുവിട്ടു. സർക്കാരിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണസമിതികളുടെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്. സംഘടനകളുടെ പുനഃസംഘടന പൂർത്തിയാകുന്നതുവരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗ താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. നിലവിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) ഇതോടെ ഇല്ലാതാകും.
പുതിയ ക്രമീകരണമനുസരിച്ച്, സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ വരെയുള്ള ജീവനക്കാരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷനും (KPA), സബ് ഇൻസ്പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പൊലീസ് (നോൺ-ഐ.പി.എസ്) വരെയുള്ള ഉദ്യോഗസ്ഥർക്കായി കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനുമാണ് (KPSOA) ഇനി പ്രവർത്തിക്കുക. പ്രവർത്തനം അവസാനിപ്പിക്കുന്ന KPOA-യുടെ സാമ്പത്തിക നിക്ഷേപങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റ് ആസ്തികൾ, ബാധ്യതകൾ എന്നിവ നിയമപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വിഭജിക്കും.
ഇതിന്റെ 60 ശതമാനം ആസ്തികൾ കേരള പൊലീസ് അസോസിയേഷനിലേക്കും (KPA) 40 ശതമാനം കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും (KPSOA) കൈമാറാനാണ് നിർദേശം. സംഘടനാ പുനഃസംഘടനയുടെ ഭാഗമായി രൂപീകരിച്ച 17 അംഗ സംസ്ഥാനതല അഡ്ഹോക്ക് കമ്മിറ്റിയിൽ പൊലിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ.
അജിത് ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ ഭരണസമിതികളുടെ മുഴുവൻ ചുമതലകളും ഔദ്യോഗിക രേഖകളും അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറാൻ ഉത്തരവിലുണ്ട്.
അംഗത്വ പരിശോധനയും രജിസ്ട്രേഷനും പൂർത്തിയാക്കി വോട്ടർ പട്ടിക തയാറാക്കുക, യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തിരഞ്ഞെടുപ്പുകൾ ഏകോപിപ്പിക്കുക എന്നിവയാണ് പുതിയ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ. സെപ്തംബർ 30ന് മുമ്പ് അഥവാ 2026 സെപ്റ്റംബർ 30-നകം പുനഃസംഘടന പൂർത്തിയാക്കി പുതിയ ഭരണസമിതികൾ നിലവിൽ വരണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

