സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ഏകദേശം 60 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയ ഈ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ജനവിധി എന്ന നിലയിൽ ഇരു മുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ പത്ത് മണി മുതൽ അതത് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ ഫലം പൂർണ്ണമായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തദ്ദേശത്തിലും നിയമസഭയിലും കൈവരിച്ച മുന്നേറ്റം സർക്കാരിന്റെ നാലാം മാസത്തിലും നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. പ്രിയദർശിനി സൗജന്യയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയ പദ്ധതികൾ നേട്ടങ്ങളായി മുന്നണികൾ ഉയർത്തിക്കാട്ടുമ്പോൾ, പവർ കട്ട് അടക്കമുള്ള വിവാദങ്ങളാണ് പ്രതിപക്ഷം പ്രധാന ചർച്ചയാക്കുന്നത്.
നിയമസഭയിലെ കനത്ത തോൽവിക്ക് ശേഷം സി പി എം ആരംഭിച്ച തിരുത്തൽ നടപടികൾ ഇടതുപക്ഷ വോട്ടുകൾ തിരികെ പിടിക്കാൻ സഹായിച്ചോ എന്നറിയാനും ഇന്നത്തെ ഫലം സഹായിക്കും. കൂടാതെ, ബി ജെ പിയുടെ കണക്കുകൂട്ടലുകൾ എത്രത്തോളം ഫലം കാണുമെന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്.
വിധി എഴുതപ്പെട്ട 38 വാർഡുകളിൽ 22 എണ്ണം യു ഡി എഫിന്റെയും 15 എണ്ണം എൽ ഡി എഫിന്റെയും സിറ്റിംഗ് വാർഡുകളാണ്.
എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20 അംഗം രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലും ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. എം എൽ എമാർ രാജിവെച്ചതിനെ തുടർന്നുണ്ടായ 8 ഒഴിവുകളിൽ 7 എണ്ണവും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.
സർക്കാരിന്റെ ജനപ്രീതി അളക്കുന്ന അളവുകോലായി ഈ ഫലം മാറുമെന്നതിനാൽ മുന്നണികൾക്ക് ഇത് അഭിമാന പോരാട്ടമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

