എഐസിസി ജനറൽ സെക്രട്ടറിക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത അഞ്ചുപേരും കോൺഗ്രസ് അനുഭാവികളാണെന്ന് കണ്ടെത്തൽ. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ ഏബ്രഹാം നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഈ പരാതിയിൽ ചൂണ്ടിക്കാണിച്ച അഞ്ച് സമൂഹമാധ്യമ പ്രൊഫൈലുകൾക്കെതിരെയാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നും ഔദ്യോഗികമായി തേടിയിട്ടുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരുന്ന സമയത്ത് എഐസിസി ജനറൽ സെക്രട്ടറിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു.
ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ ഏകദേശം രണ്ടുമാസത്തോളം വൈകിയത് വലിയ തോതിലുള്ള ആക്ഷേപങ്ങൾക്കു കാരണമായിരുന്നു. എന്നാൽ ഈ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അനുകൂലികൾ തന്നെയാണ് എന്ന വിവരം ഇപ്പോൾ പുറത്തുവന്നതോടെ, പാർട്ടിക്കുള്ളിലെ സൈബർ ഗ്രൂപ്പ് പോര് പുതിയൊരു തലത്തിലേക്ക് വഴിമാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ജൂലൈ 20-നാണ് ജോൺസൺ ഏബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചത്. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ അദ്ദേഹം വിഷയം മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തുടർന്ന് അദ്ദേഹം സൈബർ പൊലീസിന്റെ ചുമതലയുള്ള ഐജിയ്ക്ക് അന്വേഷണച്ചുമതല കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. സിജു സാമുവൽ, കെ.പി.ഹംസ, ജാഫർ കെ.അലിയാർ, അബ്ദുൽ ഖാദർ റെഷി, പി.സി.പുലാമന്തോൾ എന്നീ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി കെ.സിക്കെതിരെ അധിക്ഷേപകരമായ പ്രചാരണങ്ങൾ അഴിച്ചുവിട്ടു എന്നായിരുന്നു ജോൺസൺ ഏബ്രഹാമിന്റെ പരാതി.
ഈ പ്രൊഫൈലുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. സമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് (ബിഎൻഎസ് 192) വകുപ്പ് പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

