സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഭരണകാലത്ത് പാർട്ടിക്ക് ഭരണപരമായ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തുവന്നു. പാർട്ടി ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ നിർണ്ണായക രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി കടന്നാക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾക്ക് സഹായകരമായി എന്ന് റിപ്പോർട്ടിൽ തുറന്നുപറയുന്നു. കൂടാതെ, കെ.കെ ശൈലജയുടെ മണ്ഡലം മാറ്റിയത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകിയെന്നും ഇത് പാർട്ടിക്കെതിരായ പ്രചാരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പിണറായി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനെതിരെ ഉയർന്നുവന്ന വിവിധ ആരോപണങ്ങളും വിമർശനങ്ങളും ശരിവെക്കുന്ന തരത്തിലാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലുകൾ. പാർട്ടിയും സർക്കാരും തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടാകുന്നതിൽ പരാജയപ്പെട്ടു.
മന്ത്രിമാർ സാധാരണ പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അകന്നുപോയി. നേതാക്കളുടെ ആഡംബര ജീവിതശൈലിയും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി മാറി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ചുവെന്ന മുൻപത്തെ അവകാശവാദങ്ങളെ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ തള്ളിക്കളയുന്നുണ്ട്. ലെനിന്റെയും പി.
കൃഷ്ണപിള്ളയുടെയും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ശക്തമായ സ്വയംവിമർശനം വേണമെന്നും പറ്റിയ തെറ്റുകൾ തുറന്നുപറയാൻ തയ്യാറാകണമെന്നും സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കർശന നിർദ്ദേശം നൽകുന്നു. ഒരാളിലേക്ക് മാത്രം കാര്യങ്ങൾ കേന്ദ്രീകരിക്കുന്നുവെന്ന തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെട്ടത് യുഡിഎഫിന് മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടാൻ അവസരമൊരുക്കി.
ഇതിലൂടെ കോൺഗ്രസിനെ തിരിച്ച് ആക്രമിക്കാനുള്ള സുവർണ്ണാവസരമാണ് പാർട്ടിക്ക് നഷ്ടമായത്. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ കഴിഞ്ഞില്ല.
ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോകുകയെന്ന മുൻകാല നിലപാടിലും ഗുരുതരമായ പാളിച്ചകൾ സംഭവിച്ചു. സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

