സെയ്ഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകൾക്കുമുള്ള ആദരവായാണ് ഈ പുരസ്കാരം നൽകിയത്.
പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികൾക്കും ആഗോള സുസ്ഥിര വളർച്ചയ്ക്കുള്ള ശ്രമങ്ങൾക്കും ലഭിച്ച അംഗീകാരം കൂടിയാണ് ഈ ബഹുമതി. അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമാനമായ പുരസ്കാരങ്ങളുടെ നിരയിലേക്ക് പുതിയൊരു അധ്യായം കൂടി ചേർക്കപ്പെടുകയാണ്.
ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിനും 2026 മേയിൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന അദ്ദേഹത്തെ ‘അഗ്രിക്കോള മെഡൽ’ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളർച്ചയും ആഗോള സഹകരണവും മുൻനിർത്തി 2018 ൽ സിയോൾ സമാധാന പുരസ്കാരവും, പരിസ്ഥിതി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു.
സമുദ്ര പട്രോളിംഗിനായി ഇന്ത്യ നിർമ്മിച്ച കപ്പൽ സന്ദർശനവേളയിൽ സെയ്ഷെൽസിന് കൈമാറുകയും ചെയ്തു. ഇന്നലെ സെയ്ഷെൽസിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റിനൊപ്പം ദേശീയ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച മോദി അവിടെ വൃക്ഷത്തൈയും നട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് നാലിന് സെയ്ഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ രാത്രി നടക്കുന്ന ദേശീയദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും. സന്ദർശനം പൂർത്തിയാക്കി നാളെ മടങ്ങുന്ന പ്രധാനമന്ത്രി, അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

