ലോകത്തിലെ പ്രമുഖ എണ്ണയുൽപാദക രാജ്യമായിരുന്നിട്ടും കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെയാണ് നിലവിൽ റഷ്യ കടന്നുപോകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിനും ഡീസലിനും കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്.
പലയിടങ്ങളിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
യുക്രെയ്ൻ നടത്തുന്ന നിരന്തരമായ ഡ്രോൺ ആക്രമണങ്ങളാണ് റഷ്യൻ റിഫൈനറികളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുന്നത്. ക്രൂഡോയിൽ ഖനനം സാധ്യമാണെങ്കിലും, അവ ശുദ്ധീകരിച്ച് പെട്രോളും ഡീസലുമായി മാറ്റുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത് തിരിച്ചടിയായി.
ഈ സാഹചര്യത്തിൽ, വിദേശത്തുനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യൻ പാർലമെന്റ് തീരുമാനിക്കുകയും ഇത്തരം കമ്പനികൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, ക്ഷാമം പരിഹരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലേക്കെത്തുന്ന റഷ്യൻ ക്രൂഡോയിൽ ശുദ്ധീകരിച്ച ശേഷം വിവിധ പെട്രോളിയം ഉൽപ്പന്നങ്ങളായി കയറ്റുമതി ചെയ്യാറുണ്ട്. ഇതിന്റെ ഒരു ഭാഗം റഷ്യയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനാണ് നീക്കമെന്നാണ് വിവരം.
എന്നാൽ ഈ വാർത്തകളോട് ഇന്ത്യയോ റഷ്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടാതെ, അയൽരാജ്യമായ കസഖ്സ്ഥാനിൽ നിന്ന് 50,000 ടൺ പെട്രോൾ ലഭ്യമാക്കാൻ റഷ്യ അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ റഷ്യൻ സഹായം സ്വീകരിച്ചാൽ യുക്രെയ്ന്റെ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക കസഖ്സ്ഥാനുണ്ട്. റഷ്യയുടെ എണ്ണ കയറ്റുമതി മാർഗങ്ങൾ കസഖ്സ്ഥാന്റെ സാമ്പത്തിക നിലനിൽപ്പിന് നിർണായകമായതിനാൽ റഷ്യയുടെ ആവശ്യം നിരാകരിക്കുക കസഖ്സ്ഥാന് വലിയ വെല്ലുവിളിയാണ്.
ബെലാറസിനെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ, ഇത്തരമൊരു സഹായം സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
എണ്ണ കയറ്റുമതിയിൽ 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, പെട്രോളിനും ജെറ്റ് ഇന്ധനത്തിനും പിന്നാലെ ഡീസൽ കയറ്റുമതിയും പൂർണമായി നിരോധിക്കാൻ റഷ്യ നടപടി സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

