സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നതോടെ ലോക്ഭവന്റെ പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ വരുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാർ ഹിന്ദി ഭാഷ സ്വായത്തമാക്കാനുള്ള തീവ്രശ്രമത്തിലാണ്.
മുൻ ഗവർണർമാർ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ആശയവിനിമയം നടത്തിയിരുന്നതെങ്കിൽ, പുതിയ ഗവർണർ തന്റെ പ്രസംഗങ്ങളും ഔദ്യോഗിക ആശയവിനിമയങ്ങളും പൂർണ്ണമായും ഹിന്ദിയിലാണ് നിർവഹിക്കുന്നത്. കേരള സർവകലാശാലയിൽ നടന്ന ഡി.ലിറ്റ് ബിരുദദാന ചടങ്ങിൽ ഓം പ്രകാശ് മാഥൂർ ഹിന്ദിയിലാണ് പ്രസംഗിച്ചത്.
മുതിർന്ന നേതാവ് ഒ.രാജഗോപാലിനെ സന്ദർശിച്ച ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടും അദ്ദേഹം ഹിന്ദിയിലാണ് പ്രതികരിച്ചത്. ഈ സാഹചര്യത്തെത്തുടർന്നാണ് ലോക്ഭവനിലെ ജീവനക്കാർ ഹിന്ദി പഠനം ഊർജിതമാക്കിയിരിക്കുന്നത്.
അതേസമയം, കേരള സർവകലാശാലയിലെ ചടങ്ങിൽ പുതിയ ഗവർണർ ഔദ്യോഗിക വേഷം ധരിക്കാൻ തയ്യാറാകാത്തത് ചർച്ചയായിട്ടുണ്ട്. ഗൗണും തൊപ്പിയും ധരിക്കാൻ ഗവർണർ വിസമ്മതിച്ചതോടെ, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ ഷർട്ടും മുണ്ടും ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.
തുടർന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും രജിസ്ട്രാർ രശ്മിയും മാത്രമാണ് ഔദ്യോഗിക വേഷം ധരിച്ച് പരിപാടിക്കെത്തിയത്.
എന്നാൽ വർഷങ്ങളായുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഗവർണർ നടത്തിയതെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുന്ന നടപടിയാണെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

