കണ്ണൂർ പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ ഫ്ലാറ്റ് പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലെ 9സി വൺ മുറിയിലാണ് അപകടമുണ്ടായത്.
താമസക്കാർ പുറത്തുപോയ സമയത്തായതിനാലും, അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലവുമാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് 11.30-ഓടെയാണ് സംഭവം. ഫ്ലാറ്റിന്റെ സെൻട്രൽ ഹാളും കിടപ്പുമുറിയും പൂർണമായി കത്തിനശിച്ചു.
വയറിംഗുകൾ പൂർണ്ണമായും നശിക്കുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. തീപിടിത്തമുണ്ടായ ഫ്ലാറ്റിൽ ഒരു സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇവർ രാവിലെ തന്നെ ജോലിക്ക് പോയതായിരുന്നു. അപ്പാർട്ട്മെന്റിന് പിന്നിലുള്ള കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരാണ് ആദ്യം പുക ഉയരുന്നത് കണ്ടത്.
ആശുപത്രിയിലെ ഫയർ ആൻഡ് സേഫ്റ്റി ഇൻ ചാർജ് കൃഷ്ണപ്രസാദ് സ്ഥലത്തെത്തി ഫയർ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ പ്രാഥമിക ശ്രമം നടത്തി. രക്ഷാപ്രവർത്തനത്തിനിടെ കൈയ്ക്ക് പരിക്കേറ്റ കൃഷ്ണപ്രസാദും സുഹൃത്തുക്കളും ചേർന്നാണ് അതേ നിലയിലെ താമസക്കാരായ അനൂപ്, സുശീല എന്നിവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകൾ ചേർന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് തീയണച്ചത്. റീജൻ ഫയർ ഓഫിസർ എം.ജി.രാജേഷ്, സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അപ്പാർട്ട്മെന്റിലേക്കുള്ള റോഡ് ഇടുങ്ങിയതായതും ചുറ്റുവട്ടത്ത് സ്ഥലം കുറവായിരുന്നതും രക്ഷാപ്രവർത്തനത്തിന് ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇലക്ട്രിക് ഇൻസ്പെക്ടറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വീടുകളിലും ഫ്ലാറ്റുകളിലും ഓഫീസുകളിലും സ്മോക്ക് അലാറം, ഫയർ അലാം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നിർബന്ധമായും കരുതുക.
ഇവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് എല്ലാവരെയും പരിശീലനം നൽകി ബോധവൽക്കരിക്കണം. ഫയർ എക്സ്റ്റിങ്ഗ്യുഷറുകളുടെ കാലാവധി കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി റീഫിൽ ചെയ്യേണ്ടതാണ്.
ഫ്ലാറ്റ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഓരോ ആറുമാസത്തിലും അഗ്നിരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിക്കണം. അടിയന്തര ഘട്ടങ്ങളിൽ ഓർക്കേണ്ട
നിർദ്ദേശങ്ങൾ:
1. അഗ്നിബാധയുണ്ടായാൽ ഉടൻ തന്നെ 101-ൽ വിളിക്കുക.
മറ്റൊരാൾ വിവരം അറിയിച്ചിട്ടുണ്ടാകുമെന്ന് കരുതി വിളിച്ച് പറയാൻ മടിക്കരുത്.
2. തീപിടിത്തം കണ്ടാലുടൻ കെട്ടിടത്തിലെ ഫയർ അലാം പ്രവർത്തിപ്പിക്കുക.
സാധ്യമായാൽ തീ പടരുന്നുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മറ്റുള്ളവരെ ജാഗരൂകരാക്കുക.
3. അപകട
സമയങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുത്; പടികൾ മാത്രം ആശ്രയിക്കുക.
4. പുകയിൽ പെട്ടുപോയാൽ മൂക്കും വായും നനഞ്ഞ തുണികൊണ്ട് മൂടുക.
പുറത്തേക്ക് പോകാൻ വഴിയില്ലെങ്കിൽ മുറിക്കതടച്ച് എല്ലാ വിടവുകളിലും നനഞ്ഞ തുണി വിരിച്ചിടുക.
5. വസ്ത്രങ്ങൾക്ക് തീപിടിച്ചാൽ ഭയന്ന് ഓടാതിരിക്കുക.
കിടന്നുരുളുകയോ കട്ടിയുള്ള തുണികളോ കമ്പിളിയോ ഉപയോഗിച്ച് തീ അണയ്ക്കുക.
6. കനത്ത പുകയും വിഷവാതകങ്ങളും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലാണ് കേന്ദ്രീകരിക്കുക എന്നതിനാൽ, പുകയുള്ളപ്പോൾ തറയോട് ചേർന്ന് താഴ്ന്നിരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

