തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും.
യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സർവീസുകൾ: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്.
ഇതിനുപുറമെ മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്.
എറണാകുളത്തേക്കുള്ളത് മൾട്ടി ആക്സിൽ എസി ബസുകളാണ്. കേരളത്തിൽ നിന്നുള്ള സർവീസുകൾ: കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് തിരികെ അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേക സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസുകൾ ഓടും. പാലാ, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുമാണ് സർവീസുകൾ ലഭ്യമാവുക.
ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മൾട്ടി ആക്സിൽ എസി ബസിലാണ്. ഇതിൽ ചില റൂട്ടുകളിൽ ബസുകൾ ഒന്നിടവിട്ട
ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം: അവസാന നിമിഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാർക്ക് www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി എടുക്കാവുന്നതാണ്. ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

