തമിഴ്നാട്ടിലെ നവജാതശിശുക്കൾക്കായി മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ച സ്വർണ മോതിര വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിക്കായി തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷന് വേണ്ടി കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളായ ജോയ്ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ് സ്വർണ മോതിരങ്ങൾ നിർമ്മിച്ചു നൽകുന്നത്. മുഖ്യമന്ത്രി വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുരുന്നുകൾക്കാണ് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്നത്.
മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15-നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നതെങ്കിലും, വിജയിന്റെ വിദേശയാത്രയെ തുടർന്ന് ചടങ്ങ് നീട്ടി വെക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ മുതൽ ജനിച്ച കുഞ്ഞുങ്ങൾക്കായി ആകെ 1,28,505 സ്വർണ മോതിരങ്ങളാണ് ഇതിനോടകം തയ്യാറാക്കിയിട്ടുള്ളത്.
ഇതിൽ ജോയ് ആലുക്കാസ് 89,955 മോതിരങ്ങളും കല്യാൺ ജ്വല്ലേഴ്സ് 38,550 മോതിരങ്ങളുമാണ് നിർമിച്ചത്. അർഹരായവർക്ക് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം മോതിരമാണ് വിതരണം ചെയ്യുന്നത്.
യാതൊരുവിധ കേടുപാടുകളും സംഭവിക്കാതിരിക്കാൻ പ്രത്യേക സുരക്ഷിത പാക്കേജിലാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂൺ 22 മുതൽ സെപ്റ്റംബർ 27 വരെ ജനിച്ച കുട്ടികൾക്കായി സംസ്ഥാനത്തുടനീളം 107 വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാൽ സെപ്റ്റംബർ 28 മുതൽ പ്രസവം കഴിഞ്ഞ് ആശുപത്രി വിടുന്ന വേളയിൽ തന്നെ ഗുണഭോക്താക്കൾക്ക് മോതിരം കൈപ്പടമാവുന്നതാണ്. തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
കൂടാതെ, അമ്മമാർ സർക്കാരിന്റെ ‘പ്രഗ്നൻസി ആൻഡ് ഇൻഫന്റ് മോണിറ്ററിങ്’ സംവിധാനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കുകയും വേണം. തമിഴ്നാട്ടിൽ ഒരു വർഷത്തിൽ ശരാശരി 7.8 ലക്ഷം കുട്ടികളാണ് ജനിക്കുന്നത്.
ഇതിൽ ഏകദേശം 53 ശതമാനം അതായത് 4.2 ലക്ഷം കുട്ടികളും ജനിക്കുന്നത് സർക്കാർ ആശുപത്രികളിലാണ്. ഈ വർഷത്തെ ജൂൺ 22 മുതൽ ഒരു വർഷത്തിനുള്ളിൽ ജനിക്കുന്ന 4.41 ലക്ഷം കുട്ടികൾക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി 755.83 കോടി രൂപയാണ് തമിഴ്നാട് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

