സംസ്ഥാനത്തിന്റെ സമുദ്രതീരത്ത് ഹൈഡ്രോകാർബൺ സാന്നിധ്യം ലക്ഷ്യമിട്ടുള്ള ഖനന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഓയിൽ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് തെക്കൻ തീരത്ത് വീണ്ടും പര്യവേഷണം നടത്തിയത്.
കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തോടനുബന്ധിച്ചുള്ള പ്രദേശത്താണ് ജാക്-അപ് റിഗ് ഉപയോഗിച്ച് ഡ്രില്ലിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കേരളതീരത്ത് ഇത്തരത്തിലുള്ള എണ്ണ പര്യവേഷണ നടപടികൾ വീണ്ടും സജീവമാകുന്നത്.
കമ്പനിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക ബ്ലോക്കിന്റെ പരിധിയിലാണ് ഈ പര്യവേഷണങ്ങൾ സംഘടിപ്പിച്ചത്. ആകെ 3520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ഈ ബ്ലോക്ക്.
നിലവിൽ കൊല്ലം തീരത്തുനിന്ന് ഏകദേശം 20-26 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) ഉൾക്കടലിലാണ് ഖനനം നടത്തിയത്. മുൻകാലങ്ങളിൽ ഇവിടെ നടത്തിയ സീസ്മിക് സർവേകളിൽ ഹൈഡ്രോകാർബണിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഏകദേശം 6000 മീറ്റർ ആഴത്തിൽ ഡ്രില്ലിങ് നടത്തി പൈപ്പ്ലൈനുകൾ സ്ഥാപിച്ച് ഹൈഡ്രോകാർബൺ ശേഖരം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിവിധ ഭാഗങ്ങളിലായി പ്രത്യേക കിണറുകൾ നിർമ്മിച്ചാണ് ഈ പര്യവേഷണ പ്രക്രിയ പൂർത്തിയാക്കിയത്.
ഇതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ജാക്-അപ് റിഗ് ആണ് ഉപയോഗപ്പെടുത്തിയത്. മുൻകാലങ്ങളിൽ ഒഎൻജിസി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ കേരള-കൊങ്കൺ മേഖലയിൽ സമാനമായ രീതിയിൽ പലതവണ പര്യവേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വാണിജ്യ അടിസ്ഥാനത്തിലുള്ള വലിയ ഉൽപാദനത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ, നിലവിലെ ഊർ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കൊല്ലം തീരത്തു നടന്ന പുതിയ ഡ്രില്ലിങ്ങിനെ അതീവ പ്രാധാന്യത്തോടെയാണ് ഊർജ്ജ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ ഇന്ധന ലഭ്യതയിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ ഘട്ടത്തിൽ കേരളതീരത്തുനിന്ന് എണ്ണ കണ്ടെത്താനായാൽ അത് സംസ്ഥാനത്തിന്റെ വികസന രംഗത്ത് വലിയൊരു വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

