കോഴിക്കോട് ജില്ലയിലെ ബേപ്പൂർ വെസ്റ്റ് മാഹിയിലുള്ള പ്രമുഖ എണ്ണ മില്ലിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ സ്ഥാപനം പൂർണമായി കത്തിനശിച്ചു. ഒ.എം.റോഡിൽ പോത്താഞ്ചേരി അശോകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്രേണുക ഓയിൽ മിൽ.
രാത്രിയോടെയായിരുന്നു ഈ അപകടം സംഭവിച്ചത്. ഭാഗ്യവശാൽ സംഭവത്തിൽ ആളപായമില്ലെങ്കിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ അറിയിച്ചു.
സ്ഥാപനത്തിന് അകത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. വൈകുന്നേരം ആറുമണിയോടെ മില്ലിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് തൊഴിലാളികൾ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.
തുടർന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നതെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം.
പ്രാരംഭഘട്ടത്തിൽ തൊഴിലാളികൾ സ്വന്തം നിലയിൽ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഒരേ സമയം രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നാണ് തീ പടർന്നത്.
വലിയ രീതിയിൽ തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടൻ തന്നെ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
തുടർന്ന് മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. മില്ലിന്റെ വിവിധ ഭാഗങ്ങളിലായി പെട്ടികളിലും അല്ലാതെയും സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും ചാക്കുകളിലായി കരുതിയിരുന്ന കൊപ്രയും പൊളിച്ച തേങ്ങയും പൂർണ്ണമായി അഗ്നിക്കിരയായി.
ഇതിനിടയിൽ ചൂടായ വെളിച്ചെണ്ണ നിലത്താകെ പരന്നൊഴുകിയത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. ഒരുവശത്ത് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ, മില്ലിൽ വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന വലിയ സംഭരണിയിലേക്ക് തീ പടർന്നതോടെ തീ കൂടുതൽ ശക്തമായി ആളിപ്പടർന്നു.
തീപിടിത്തത്തോടൊപ്പം കറുത്ത പുക ഉയർന്നത് പ്രദേശത്ത് ആശങ്ക പരത്തി. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നായി ആകെ 15 യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി.
വെള്ളവും ഫോമും ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തിയത്. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേനയ്ക്ക് സാധിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി.
തീപിടിത്തത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് ജനറേറ്റർ ഉപയോഗിച്ച് വെളിച്ചം കണ്ടെത്തിയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കൽ തുടർന്നത്.
ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫ്, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ ടി.കെ.ശരത്, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദിൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇതോടൊപ്പം ബേപ്പൂർ, നല്ലളം, മാറാട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും പ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

