ദേശീയപാത വികസനത്തിന്റെ ഭാഗമായി കണിയാപുരത്തും മംഗലപുരത്തും നിർമിക്കുന്ന മേൽപാലങ്ങളുടെയും കഴക്കൂട്ടം –കടമ്പാട്ടുകോണം പാതയുടെയും നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. നിർമാണ കമ്പനി തൊഴിലാളികളെ കൂട്ടത്തോടെ മറ്റൊരു പദ്ധതിക്കായി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ആകെ ഉണ്ടായിരുന്ന എണ്ണൂറോളം തൊഴിലാളികളിൽ 700 പേരെയാണ് മഹാരാഷ്ട്രയിലേക്ക് മടക്കി അയച്ചത്. കമ്പികൾ മുറിക്കാനും വാഹനങ്ങൾ ഓടിക്കാനും മറ്റുമായി വളരെ ചുരുക്കം ചില തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെ ബാക്കിയുള്ളത്.
ഇതിൽ വെട്ടുറോഡ് മേൽപാലത്തിന്റെ നിർമാണം നിലച്ചിട്ട് 3 ആഴ്ചയായി. എന്നാൽ മഴ കാരണം രണ്ട് മാസത്തേക്ക് പണി നിർത്തിവച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് പുതുതായി 12 ഉയരപ്പാതകളുടെയും ഒരു അടിപ്പാതയുടെയും നിർമാണത്തിനായി കരാർ ക്ഷണിച്ചിരിക്കുന്നതിനാൽ ഇപ്പോഴുള്ള കരാറുകാരനു ജോലി കുറയുമെന്നും, തൊഴിലാളികളുടെ കുറവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. പൂർത്തീകരണ തീയതി പല തവണ മാറ്റിയ പദ്ധതിയിൽ സുരക്ഷാ ഓഡിറ്റിനു ശേഷം ഡിസൈനിൽ മാറ്റം വരുത്തിയതിനാൽ ഒന്നര വർഷം കൂടി അധികമായി വേണ്ടി വരുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന യാത്രദുരിതം പാലങ്ങളുടെ നിർമാണത്തെ തുടർന്നു പ്രദേശവാസികൾ യാത്രാദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വെട്ടുറോഡ് പാലത്തിന്റെ പണി 4 വർഷം എടുത്താണ് അന്തിമഘട്ടത്തിൽ എത്തിയത്.
മംഗലപുരത്ത് തോന്നയ്ക്കൽ മുതൽ മംഗലപുരം വരെ ഇടുങ്ങിയ സർവീസ് റോഡിലൂടെ മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കടന്നുപോകുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്നവരും ആംബുലൻസുകളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെടുന്ന സ്ഥിതിയാണുള്ളത്.
കൂടാതെ പ്രദേശത്ത് രൂക്ഷമായ പൊടിശല്യവും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

