തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലുണ്ടായ മോഷണ സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി തിരുവിതാംകൂർ മുൻ രാജകുടുംബം രംഗത്ത്. കൊട്ടാരത്തിൽ മോഷണം നടന്നിട്ടുണ്ടെന്ന കാര്യം യാഥാർത്ഥ്യമാണെന്നും നിലവിലുള്ള അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി പാർവതി ഭായ് വ്യക്തമാക്കി.
പൊലീസ് ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കൈമാറിയിട്ടുണ്ടെന്നും കൊട്ടാരത്തിലെ മുറികളിലേക്ക് പ്രവേശനമുള്ള വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികളെ ധരിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
തെളിവുകളുടെ അടിസ്ഥാനമില്ലാതെ ആരെയും സംശയിക്കുക സാധ്യമല്ലെങ്കിലും, ഒപ്പം നിൽക്കുന്ന വിശ്വസ്തരായ വ്യക്തികൾ തന്നെ ചതിക്കുമ്പോൾ അത് വലിയ മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലും കൊട്ടാരത്തിൽ സമാനമായ രീതിയിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗൗരി പാർവതി ഭായ് വെളിപ്പെടുത്തി.
രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് കൊട്ടാരത്തിൽ നിന്നും നഷ്ടപ്പെട്ടത്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
കൊട്ടാരവുമായി അടുത്ത ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്തതിന് പിന്നാലെ നിലവിൽ അന്വേഷണത്തിന്റെ വേഗത കുറഞ്ഞ അവസ്ഥയിലാണ്. ഔദ്യോഗികമായി പരാതി നൽകാതെ രഹസ്യാന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് നടപടികളിലേക്ക് കടന്നത്.
നിർണ്ണായകമായ തെളിവുകളെല്ലാം നശിച്ച ഘട്ടത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. രാജകുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും വ്യാപിപ്പിച്ചു.
ചില ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളിൽ പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയേയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് എതിരായി തിരിയുന്ന സാഹചര്യമാണുണ്ടായത്. അന്വേഷണത്തിന്റെ പേരിൽ കൊട്ടാരവുമായി അടുപ്പമുള്ളവരെയും നിരവധിയാളുകളെയും ജീവനക്കാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിക്കുകയുണ്ടായി.
സ്വർണം കവർന്നവരെ കണ്ടെത്താനുള്ള നിയമപരമായ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നാണ് അന്വേഷണ സംഘം ഇതിന് വിശദീകരണം നൽകിയത്. രാജകുടുംബത്തിലെ ഒരു അംഗം തന്നെ പൊലീസിനെതിരെ രംഗത്തുവന്നത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

