രാജസ്ഥാനിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിയെ പോളിങ് ദിവസം മുതൽ ദുരൂഹമായ സാഹചര്യത്തിൽ കാണാനില്ലെന്ന് പരാതി ഉയർന്നു. ബാരനിലെ 16-ാം വാർഡിൽ ജനവിധി തേടിയ ബിജെപി സ്ഥാനാർഥി ആന്റിമ യാദവിനെയാണ് കാണാതായത്.
സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അഭിഭാഷകയായ ആന്റിമ യാദവിനൊപ്പം ഭർത്താവിനെയും കുഞ്ഞിനെയും കാണാതായിട്ടുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്.
സെപ്റ്റംബർ ഒൻപതിനായിരുന്നു ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നിരുന്നത്. അന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും സ്ഥാനാർഥി പോളിങ് ബൂത്തിൽ സജീവമായി ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.
എന്നാൽ ഇതിനുശേഷമാണ് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാതായത്. ഇവരോടൊപ്പം കാണാതായ ഭർത്താവ് സഞ്ജയ് യാദവും ഒരു അഭിഭാഷകനാണ്.
നിലവിൽ ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്നുപേരെയും ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ശക്തമായ സംശയമാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്.
പോളിങ് കേന്ദ്രത്തിൽനിന്നും തിരികെ വീട്ടിലേക്ക് മടങ്ങുകയാണെന്നാണ് പോരുമ്പോൾ ആന്റിമ യാദവ് ഒരു ബന്ധുവിനോട് ഫോണിൽ സംസാരിച്ചുകൊണ്ട് വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം വിജയസാധ്യത വിലയിരുത്തുന്നതിനായി ബന്ധപ്പെട്ടപ്പോൾ സ്ഥാനാർഥിയെ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ തിരോധാനം പുറത്തറിയുന്നത് എന്ന് ബിജെപി ഭാരവാഹികൾ വ്യക്തമാക്കുന്നു.
പാർട്ടിക്ക് മികച്ച വിജയസാധ്യതയുള്ള വാർഡിലാണ് ആന്റിമ യാദവ് ഇത്തവണ ജനവിധി തേടിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോട്വാലി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

