കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി പ്രദേശത്ത് രാത്രികാലങ്ങളില്‍ വീടുകളുടെ വാതിലുകളില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുന്ന അജ്ഞാതന്‍ കാരണം പ്രദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് വീടുകള്‍ മാറി മാറി കയറി വാതിലില്‍ മുട്ടുന്ന സംഭവങ്ങള്‍ തുടരുകയാണ്.
ഇതിന് പിന്നില്‍ ഒരാളാണോ അതോ ഒന്നിലധികം പേര് ഉണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍ കഴിയുന്നത്. അജ്ഞാതനെ പിടികൂടുക എന്ന ലക്ഷ്യത്തോടെ നാട്ടുകാര്‍ സംഘടിതമായി വിവിധയിടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
കറുത്ത വേഷം ധരിച്ചെത്തുന്ന ഇയാള്‍ ഒരു വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം വേഗത്തില്‍ ഓടിമറയുകയും, തൊട്ടുപിന്നാലെ കുറച്ചകലെ മറ്റൊരു വീട്ടിലെത്തി വീണ്ടും സമാന രീതിയില്‍ വാതിലില്‍ മുട്ടുകയുമാണ് ചെയ്യുന്നത്. ഇതുവരെ ഇയാള്‍ എവിടെയും മോഷണശ്രമം നടത്തുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ പ്രദേശത്ത് ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിരുന്നു.
എന്നാല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസവും സമാന രീതിയില്‍ പല വീടുകളിലും അജ്ഞാതന്‍ എത്തി വാതിലില്‍ മുട്ടിയ ശേഷം അപ്രത്യക്ഷനായതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

