മേഘാലയയിൽ നിന്ന് തപാലിലൂടെ കഞ്ചാവ് കടത്തിയ കേസിൽ നാലര മാസമായി ഒളിവിലായിരുന്ന പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ജിജിറ്റ് ആണ് നിയമപാലകരുടെ പിടിയിലായത്.
20-ഓളം നായ്ക്കളെ വളർത്തി അവയുടെ സംരക്ഷണത്തിൽ അതീവ ജാഗ്രതയോടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കേസിന്റെ തുടക്കം ഫെബ്രുവരി നാലാം തീയതിയാണ്.
കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലെത്തിയ സംശയാസ്പദമായ പാഴ്സൽ പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർ അതിനുള്ളിൽ നിന്ന് 7.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലങ്കോട് സ്വദേശികളായ സഹോദരങ്ങൾ ആർ.സഞ്ജയ്, ആർ.രാഹുൽ എന്നിവരുടെ പേരിലായിരുന്നു ഈ പാഴ്സൽ എത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തങ്ങളുടെ പേരിൽ ജിജിറ്റാണ് കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെത്തുടർന്ന് സഹോദരങ്ങളെ അന്ന് തന്നെ എക്സൈസ് അറസ്റ്റ് ചെയ്തു.
പാഴ്സൽ പിടിക്കപ്പെട്ട വിവരം അറിഞ്ഞതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.
പാലക്കാട് നഗരത്തോട് ചേർന്നുള്ള പുത്തൂരിലെ ഒരു വാടകവീട്ടിൽ ഇയാൾ താമസിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയത്. പ്രതിയുടെ വീടിനു ചുറ്റും ധാരാളം നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി.
പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കമാണ് എക്സൈസ് സംഘം നടത്തിയത്. ബിസ്കറ്റ് പാക്കറ്റുകളുമായാണ് ഉദ്യോഗസ്ഥർ പുലർച്ചെ പ്രതിയുടെ വസതിയിലെത്തിയത്.
ഉദ്യോഗസ്ഥർ എത്തിയതോടെ നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തെങ്കിലും, ബിസ്കറ്റ് നൽകി അവയെ ശാന്തമാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. തുടർന്നുള്ള സാഹസികമായ നീക്കത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മേഘാലയയിൽ നിന്ന് ഇവർക്ക് ആരെങ്കിലും കഞ്ചാവ് എത്തിച്ചു നൽകുന്നുണ്ടോ എന്നും, ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നും കണ്ടെത്താനുള്ള വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

