നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിരോധത്തിലായ സിപിഐഎം നേതൃത്വത്തിന് പുത്തൻ ഉണർവേകുന്നതായി മാറി ഇന്നത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയും തുടർന്നുള്ള പ്രതിഷേധങ്ങളും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ, നിഷ്ക്രിയമായിരുന്ന പാർട്ടി സംവിധാനങ്ങൾ പെട്ടെന്ന് തന്നെ സമരമുഖത്ത് സജീവമായി.
ഇത് നേതൃത്വത്തിനെതിരെ ഉയർന്നിരുന്ന വിമർശനങ്ങൾക്ക് താൽക്കാലിക വിരാമമിടാൻ പാർട്ടിയെ സഹായിച്ചു. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തുടർച്ചയ്ക്കുശേഷം നേരിട്ട
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയെ പിടിച്ചുലച്ചുകൊണ്ട് ഇഡി റെയ്ഡ് നടന്നത്. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പിണറായി വിജയന്റെ ശൈലി വരെ ചർച്ചയാക്കി പാർട്ടിയിൽ ഉൾപ്പാർട്ടി ഭിന്നതകൾ രൂക്ഷമാകുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
എന്നാൽ, നേതൃത്വവുമായി അഭിപ്രായ ഭിന്നത പുലർത്തിയിരുന്ന അണികൾ പോലും പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഐക്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധങ്ങൾ അതിരുവിട്ട
രീതിയിൽ അരങ്ങേറുകയും ചെയ്തു. സംഭവത്തിന് ശേഷം മാധ്യമങ്ങളെ കണ്ട
പിണറായി വിജയൻ നടത്തിയ പരാമർശം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. “ഈ റെയ്ഡ് രാഹുൽ ഗാന്ധിയെ പോലെ ചിലർക്ക് ആത്മസംതൃപ്തി നൽകുന്നതാകാം” എന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനൊപ്പം കേരളത്തിലെ കോൺഗ്രസും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന ശക്തമായ സൂചനയാണ് സിപിഐഎം നൽകുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും കോർത്തിണക്കി കോൺഗ്രസിനെയും ബിജെപിയെയും ഒരേപോലെ പ്രതിസ്ഥാനത്ത് നിർത്താനാണ് പാർട്ടി ശ്രമിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതും സിപിഐഎം-ആർഎസ്എസ് ബന്ധം സംബന്ധിച്ച ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിയാതിരുന്നതുമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി പാർട്ടി വിലയിരുത്തുന്നത്. ഈ റെയ്ഡിലൂടെ ഒരു സമരസംഘടനയെന്ന നിലയിൽ അണികളെ വീണ്ടും ഒന്നിച്ചുനിർത്താനും അതുവഴി അകന്നുപോയ വോട്ടുകൾ തിരികെ പിടിക്കാനുമാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
ഇതിന് പിന്നാലെ, പിണറായി വിജയന്റെയോ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയോ നേതൃത്വത്തിനെതിരായ ചോദ്യങ്ങൾ പാർട്ടിയിൽ ഇനി ഉയർന്നുവരാനുള്ള സാധ്യത കുറവാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ രാഷ്ട്രീയ ചലനങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

